കോഴിക്കോട്: സിപിഎം ഒളിഞ്ഞും തെളിഞ്ഞും ജില്ലയില്‍ തങ്ങളെ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തിയതിനെ തിരെ സിപിഐയുടെ അമര്‍ഷം മറനീക്കി പുറത്തേക്ക്. തദ്ദേശ തെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയ സിപിഎമ്മിന്റെ വെട്ടിനിരത്തില്‍ സമീപനം പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അസഹ്യമായെന്നാണ് സിപിഐ ജില്ലാ നേതൃത്വം തന്നെ വിലയിരുത്തിയിരിക്കുന്നത്. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡില്‍ മത്സരിച്ച സിപിഐ സ്ഥാനാര്‍ ത്ഥിക്കെതിരെ സിപിഎം വിമതനെ നിര്‍ത്തി വിജയിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ ചില ഉന്നത നേതാക്കളുടെ കുബുദ്ധിയാണെന്നാണ് ആരോപണം.
അത്തോളി പഞ്ചായത്തില്‍ സിപിഎം അംഗം വോട്ടുമാറി ചെയ്തതിനെ തുടര്‍ന്ന് സിപിഐയുടെ വൈസ് പ്രസിഡന്റു സ്ഥാനാര്‍ഥി തോറ്റ വിഷയം ഏറെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. അത്തോളിയിലേത് സിപിഎം മനപൂര്‍വം നടത്തിയ നാടകമാണെന്നാണ് പറയുന്നത്. ഒറ്റ വോട്ടിന്റെ ലീഡുള്ള പഞ്ചായത്തില്‍ സിപിഐ വോട്ടുനേടി സിപിഎം അംഗം പ്രസിഡന്റു പദവിയിലെത്തിയ ശേഷമാണ് സിപിഐക്കു തിരിച്ചടി നല്കി മുസ്ലിംലീഗ് അംഗത്തിന് വൈസ്പ്രസിഡന്റാകാന്‍ സിപിഎം അംഗം വോട്ടുചെയ്തത്.
ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തില്‍പ്പോലും സിപിഐക്കു അധ്യക്ഷസ്ഥാനം നല്കിയിട്ടില്ല. പേരാമ്പ്ര ബ്ലോക്കില്‍ വൈസ് പ്രസിഡന്റു പദവി നല്കാമെന്നു ധാരണയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഇതും അട്ടിമറിക്കപ്പെട്ടു. പ്രാദേശിക എതിര്‍പ്പെന്ന വാദമുന്നയിച്ചാണ് സിപിഐയെ സിപിഎം മൂലക്കിരുത്തുന്നത്. ചക്കിട്ടപാറ പോലുള്ള പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റു പദവി നല്കാമെന്നു പറഞ്ഞിരുന്നെങ്കിലും ഇതും പ്രാവര്‍ത്തികമായില്ല. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയര്‍ മാന്‍, പന്തലായനി ബ്ലോക്ക് പ്രസിഡന്റ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ മാത്രമാണ് നിലവില്‍ സിപിഐക്കു നല്കിയിട്ടുള്ളത്. മുന്നണിയെന്ന നിലയില്‍ മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്നും പരാതികള്‍ എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്. സ്ഥാനമാനങ്ങള്‍ പരസ്പരം കൈമാറുന്നത് മുന്നണി മര്യദയുടെ ഭാഗമാണ്. അത് ആരുടേയും ഔദാര്യമല്ല, മറിച്ച് അവകാശമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
















