കൊല്ലം: കേവലനഗരമായ കൊല്ലത്തെ നല്ല നഗരമാക്കുകയാണ് ലക്ഷ്യമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു. ഒട്ടനവധി പദ്ധതികളും പരിപാടികളും അതിനായി മനസിലുണ്ട്. ആദ്യഘട്ടത്തില്‍ മാലിന്യനിര്‍മാര്‍ജ്ജനവും തെരുവ് വിളക്ക് പരിപാലനവുമാണ് മുന്നിലുള്ളത്. പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വീടുകളില്‍ പൈപ്പ് കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്റുകളും കോര്‍പറേഷനില്‍ വികേന്ദ്രീകൃത മാലിന്യസംസ്‌കരണവും നടപ്പാക്കും. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ മാത്രമെ ഇത് സാധ്യമാകു. മാലിന്യരഹിത നഗരമായി കൊല്ലത്തെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.
കഴിഞ്ഞ കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടത് തെരുവ് വിളക്ക് പരിപാലനം സംബന്ധിച്ചാണ്. ഒരാഴ്ചയ്‌ക്കുള്ളില്‍ നഗരത്തിലെ മുഴുവന്‍ തെരുവ്‌വിളക്കുകളും പ്രകാശിപ്പിക്കും. കൊല്ലം നഗരത്തിനാവശ്യമായ പച്ചക്കറി ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കണം. ഇതിനായി ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കും. എല്ലാവരേയും സംയോജിപ്പിച്ച് സാന്ത്വനപരിചരണത്തിന് ഊന്നല്‍ നല്‍കും. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായ നടപടി സ്വീകരിക്കും. കോര്‍പറേഷന്റെ അധീനതയിലുള്ള ശ്മശാനങ്ങള്‍ ശാന്തികവാടം മാതൃകയില്‍ ആധുനികവല്‍കരിക്കും. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ആവശ്യമായ പ്രൊജക്ടുകള്‍ കോര്‍പറേഷന്‍ നടപ്പാക്കും.
മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ഫുട്‌ബോള്‍ ഉള്‍പ്പടെ പുനരാരംഭിച്ച് കായികരംഗം ശക്തിപ്പെടുത്തും. ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികളും കോര്‍പറേഷന്‍ ആരംഭിക്കും. തെരുവ്‌നായ്‌ക്കളുടെ നിയന്ത്രണത്തിന് നിയമപരമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. കൊല്ലത്തെ പദയാത്രാ സൗഹൃദനഗരമാക്കുമെന്നും രാജേന്ദ്രബാബു പറഞ്ഞു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ എന്നിവര്‍ ക്ലബിന്റെ ഉപഹാരം കൈമാറി. സെക്രട്ടറി ഡി.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
















