കൊല്ലം: ക്ഷേത്രത്തിനുള്ളില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രധാന പ്രതികളായ മൂന്ന് പേരെയും പോലീസ് പിടികൂടി. തിരുമുല്ലവാരം ഇടയ്‌ക്കാട് ക്ഷേത്രത്തിനുള്ളിലിട്ട് തിരുമുല്ലവാരം സ്വദേശിയായ സുമേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ മരുത്തടി വാസുപിള്ളമുക്ക് സ്വദേശികളായ ശ്രീക്കുട്ടന്‍, ഉണ്ണിക്കുട്ടന്‍, രാഹുല്‍ എന്നിവരെയാണ് ഈസ്റ്റ് സിഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ശ്രീക്കുട്ടനെ സംഭവത്തിന് ശേഷം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
സുമേഷിനെ തിരക്കി രാവിലെ വീട്ടിലെത്തിയ സംഘം അവിടെ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ച സംഘം ഇരുമ്പുവടിയും വടിവാളുകളും കൊണ്ടു സുമേഷിനെ വെട്ടുകയായിരുന്നു. ഒടുവില്‍ കൈയില്‍ കരുതിയ കത്തികൊണ്ട് നെഞ്ചത്ത് കുത്തിപരുക്കേല്‍പ്പിച്ച ശേഷം കത്തിയൂരി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ക്ഷേത്രത്തിലധികം ഭക്തരില്ലായിരുന്നു. ഉണ്ടായിരുന്ന രണ്ടുപേരും ശബരിമല ദര്‍ശനത്തിന് പോകാന്‍ കെട്ടുനിറയ്‌ക്കാന്‍ വന്നവരും അക്രമണം കണ്ട് നിലവിളിക്കുകയായിരുന്നു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാര്‍ സുമേഷിനെ വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും വഴിമേധ്യ മരിക്കുകയുമായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെല്ലാം തന്നെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സ്ഥിരംക്രിമിനലുകളാണ്.
















