കോഴിക്കോട്: ശാസ്ത്രീയമായ കപ്പല്‍ നിര്‍മ്മാണരംഗത്ത് ഭാരതം മികച്ച സംഭാവനകള്‍ നല്‍കിയിരുന്നുവെന്ന് വാസ്തുവിദ്യാ പ്രതിഷ്ഠാന ഡയറക്ടര്‍ ഡോ. ബാലഗോപാല്‍ ടി.എസ്. പ്രഭു പറഞ്ഞു. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച ത്രിദിന സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സാമ്പത്തിക വികസനത്തില്‍ ശില്പികളുടെ സംഭാവന വളരെ വലുതാണ്. മരപ്പണിക്കാരും കൊല്ലന്മാരും കെട്ടിടനിര്‍മ്മാണ തൊഴിലാളികളും ഏറെ വിദഗ്ധരായിരുന്നു. ബേപ്പൂരിലെ പരമ്പരാഗത നിര്‍മ്മാണരീതിയിലുണ്ടാക്കിയ ഉരു എന്‍ഐടി പഠന വിധേയമാക്കിയിരുന്നു.തിരമാലകളെയും ജലശക്തിപരമായ പ്രതിബന്ധങ്ങളെയും താങ്ങാന്‍ തക്ക ദൃഢവും ശക്തവും ഉറപ്പുമുള്ളവയുമാണിവയെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ആധുനിക കപ്പലുകളോട് താരതമ്യപ്പെടുത്താവുന്നവയായിരുന്നു അവ. 8000 കി. മീറ്റര്‍ ജലപാത താണ്ടാന്‍ അവയ്‌ക്ക് കഴിവുണ്ടായിരുന്നു. കപ്പല്‍ നിര്‍മ്മാണത്തില്‍ ഭാരതം ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്നു. ബ്രിട്ടീഷ് നാവികോദ്യോഗസ്ഥര്‍ വിലപിച്ചിരുന്നത് ലണ്ടന്‍ കപ്പല്‍ നിര്‍മ്മാണശാലകളില്‍ നിര്‍മ്മിച്ച കപ്പലുകള്‍ക്ക് മുംബെയില്‍ നിര്‍മ്മിച്ച തേക്കുകൊണ്ടുള്ള കപ്പലുകളേക്കാള്‍ ഉറപ്പ് കുറവാണെന്നായിരുന്നു. ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്യാനാണ് കളക്ടര്‍ കാനോയ് നിലമ്പൂരില്‍ തേക്ക് കൃഷി നടത്തിയത്. നാവിക ചരിത്രത്തിലെ പ്രേരണാദായകമായ ഏടുകളാണ് വളപട്ടണത്തിനും ബേപ്പൂരിലെ പൊന്നാനിക്കും കൊച്ചിക്കും പറയാനുള്ളത് അദ്ദേഹം പറഞ്ഞു.
ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. സജിത ടി.എസ്, ഡോ. ശ്രീകുമാരന്‍ എന്‍ നമ്പൂതിരി, പ്രൊഫ. കെ.കെ. ഗീതാകുമാരി, ഡോ. പി. രാജശേഖരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഇന്ന് നടക്കുന്ന സെമിനാറില്‍ പ്രൊഫ. പി. നാരായണന്‍ നമ്പൂതിരി, ഡോ. ടി.എസ്. നിഷാദ്, ഡോ. വി.വി. അനില്‍കുമാര്‍, ഡോ. എ. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 2.30ന് സമാപനസഭ നടക്കും.
















