കോഴിക്കോട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായുള്ള ജില്ലയിലെ ആദ്യത്തെ വനിതാ ക്ലിനിക്ക് ‘ആയുര്‍വരം’ കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിര്‍വശമുള്ള ആര്യവൈദ്യ വിലാസിനി വൈദ്യശാലയില്‍ ആരംഭിച്ചു. അസോസിയേഷന്‍ സ്ത്രീആരോഗ്യം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെമ്പാടുമായി ആരംഭിക്കുന്ന 350 ക്ലിനിക്കുകളില്‍ ആദ്യത്തെ ക്ലിനിക്കാണിത്. എഴുത്തുകാരി പി. വല്‍സല ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് സവിശേഷമായ രോഗങ്ങള്‍ ഉണ്ടെന്നും അവയെ പ്രത്യേകമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ഉള്ള തിരിച്ചറിവ് അഭികാമ്യമാണെന്നും വല്‍സല പറഞ്ഞു. അലോപ്പതി ചികില്‍സയേക്കാള്‍ സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരമാര്‍ഗം ആയുര്‍വേദം തെയാണെന്നും അവര്‍ പറഞ്ഞു. ഡോ. വല്‍സലാദേവി, ഡോ. മനോജ് കാളൂര്‍, ഡോ. പുഷ്പവല്ലി, ഡോ. എലിസബത്ത് ഷൈനി, നിര്‍മല കാളൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്ത്രീരോഗ വിദഗ്ദരായ ഡോ. റീജാ, ഡോ. രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലിനിക്കില്‍ ഗര്‍ഭിണികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമുള്ള ചികില്‍സക്ക് പുറമെ ആര്‍ത്തവ സംബന്ധമായ രോഗങ്ങളും, പ്രസവാനന്തര ശുശ്രൂഷ, കോസ്മറ്റോളജി എന്നിവക്ക് പ്രത്യേക വിഭാഗങ്ങളും ഉണ്ടായിരിക്കും. ക്ലിനിക് രാവിലെ 10 മുതല്‍ 5 വൈകീട്ട്‌വരെ പ്രവര്‍ത്തിക്കും.
















