പത്തനാപുരം: സാംസ്‌കാരിക നിലയം സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറുന്നു.
പത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയമാണ് ഉപയോഗശൂന്യമായി മാറിയിരിക്കുന്നത്. കെ.എന്‍.ബാലഗോപാല്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ ചിലവഴിച്ച് 2012-2013 കാലയളവില്‍ നിര്‍മ്മിച്ച ഈ ഇരുനിലമന്ദിരം ഉപയോഗപ്പെടുത്തുന്നത് സാമൂഹിക വിരുദ്ധര്‍ മാത്രമാണ്. സന്ധ്യ കഴിഞ്ഞാല്‍ മദ്യപരുടെയും കഞ്ചാവ് വില്‍പ്പനക്കാരുടെയും വിഹാരകേന്ദ്രമാണ് ഇപ്പോള്‍ ഇവിടം.
കോണ്‍ഫറന്‍സ് ഹാള്‍, സ്വകാര്യ ബസ് സ്റ്റാന്റ് ഓഫീസ്, കുടുംബശ്രീ വിപണന കേന്ദ്രം, കംഫര്‍ട്ട് സ്‌റ്റേഷന്‍ എന്നിവക്കായാണ് സാംസ്‌കാരിക നിലയത്തില്‍ സ്ഥലം നിശ്ചയിച്ചിട്ടുള്ളത്.
നിര്‍മ്മാണവും ഉദ്ഘാടനവും കഴിഞ്ഞിട്ടും മാസങ്ങള്‍ പിന്നിടുമ്പോഴും ഒരു സ്ഥാപനവും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിന്റെ നിര്‍മ്മാണത്തിലും അശാസ്ത്രീയതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
സ്വകാര്യ ബസ് സ്റ്റാന്റിന് പിറകുവശത്തെ അര ഏക്കറോളം വസ്തു ഉപേക്ഷിച്ച് സ്റ്റാന്റിന്റെ മധ്യഭാഗത്തായി കെട്ടിടം നിര്‍മ്മിച്ചതോടെ പിറകുവശം പൂര്‍ണമായും ഉപയോഗശൂന്യമായി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടാത്ത ഇവിടെ പകല്‍സമയങ്ങളിലും സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. സ്വകാര്യ ബസ് സ്റ്റാന്റിലാകട്ടെ ബസുകള്‍ കയറാറുമില്ല. ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി സാംസ്‌കാരിക നിലയവും പ്രവര്‍ത്തനമാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
















