വടകര: ഒഞ്ചിയം വള്ളിക്കാട് ടിപി സ്മാരകം തകര്‍ത്ത കേസില്‍ 5 സിപിഎം പ്രവര്‍ത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇത് നാലാം തവണയാണ് ടി.പി സ്മാരകം തകര്‍ക്കപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വള്ളിക്കാട് തണ്ണീര്‍പന്തല്‍ വീട്ടില്‍ അരുണ്‍ (20), അകവളപ്പില്‍ വിനൂപ്(22), പടിക്കല്‍ പ്രവീണ്‍(25), അകവളപ്പില്‍ വിനില്‍ ലാല്‍ (25), നടുക്കണ്ടിയില്‍ നിധിന്‍ (22) എന്നിവരെയാണ് വടകര എസ്‌ഐ പി. ഹരീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിലെയും പ്രതികളായ തണ്ണീര്‍പന്തല്‍ വീട്ടില്‍ അരുണിനെയും അകവളപ്പില്‍ വിനൂപിനെയും വടകര ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. കോടതി രണ്ടു പേരെയും റിമാന്റ് ചെയ്തു. മറ്റ് മൂന്നു സിപിഎം പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
കാലത്ത് 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
















