നിയമനംസ്വന്തം ലേഖകന്‍
ഇടുക്കി: എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ മറികടന്ന് ഇഷ്ടക്കാരെ വിവിധ ഒഴിവുകളിലേക്ക് നിയമിക്കുന്നതായി പരാതി വ്യാപകമാകുന്നു. പേര് രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും താല്ക്കാലിക ജോലി കിട്ടാതെ ആയിരങ്ങള്‍ കാത്തിരിക്കുമ്പോഴാണ് പേര് രജിസ്റ്റര്‍ ചെയ്ത് ഒന്നും രണ്ടും വര്‍ഷമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും താല്ക്കാലിക നിയമനം ലഭിക്കുന്നത്. ആറ് മാസത്തേയ്‌ക്കാണ് നിയമിക്കുന്നതെങ്കിലും കാലാവധി കഴിഞ്ഞ് വീണ്ടും നിയമനം നീട്ടിക്കൊടുക്കുന്നുമുണ്ട്. നിയമം കാറ്റില്‍പറത്തി നിയമനങ്ങള്‍ നല്‍കുന്നതിന് ഭരണ കക്ഷിക്കാരും ഭരണകക്ഷിയിലെ ഉദ്യോഗസ്ഥരുടെ യൂണിയനുകളുമാണ് നേതൃത്വം നല്‍കുന്നത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം പറ്റിയാണ് നിയമനങ്ങള്‍ തരപ്പെടുത്തുന്നത്. അയ്യായിരം മുതല്‍ പതിനായിരം രൂപവരെയാണ് ഇടനിലക്കാര്‍ കൈപ്പറ്റുന്നത്. നിയമ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എംപ്ലോയിമെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. പ്രതികരിച്ചാല്‍ അന്യ ജില്ലകളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയാണ് നിയമ ലംഘനത്തിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറാകാത്തത്. എംപ്ലോയിമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അമ്പത് വയസ് കഴിഞ്ഞാല്‍ താല്ക്കാലിക ജോലി ലഭിക്കില്ല. പേര് രജിസ്റ്റര്‍ ചെയ്ത് കൃത്യമായി പുതുക്കിയ തൊടുപുഴ സ്വദേശിനിക്ക് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരിക്കല്‍പ്പോലും താല്ക്കാലിക ജോലി ലഭിച്ചിട്ടില്ല. നൂറുകണക്കിന് ആളുകളെ താല്ക്കാലിക ജോലിയില്‍ പ്രവേശിപ്പിച്ചിട്ടും ഈ വീട്ടമ്മയ്‌ക്ക് ലഭിച്ചതുപോലുള്ള കയ്‌പ്പേറിയ അനുഭവം ആയിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്കുണ്ടായിട്ടുണ്ട്. വിവാദ നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
















