കോഴിക്കോട്: ഇനി ശരണ മന്ത്രങ്ങളാല്‍ മുഖരിതമാകുന്ന ദിനരാത്രങ്ങള്‍. വൃശ്ചികപ്പുലരി പിറന്നതോടെ ക്ഷേത്രങ്ങളും നഗര ഗ്രാമ പ്രദേശങ്ങളും സ്വാമീശരണം വിളികളാല്‍ നിറയും.
ക്ഷേത്ര സങ്കേതങ്ങള്‍ അയ്യപ്പ ഭക്തന്മാരെക്കൊണ്ട് നിറയും. സ്വാമിമാര്‍ക്കായുള്ള മാലകളും, കറുപ്പുവസ്ത്രവും, കെട്ട് നിറയ്‌ക്കാവശ്യമായ പൂജാദ്രവ്യങ്ങളും പൂജാസ്‌റ്റോറുകളില്‍ എത്തി.
തുളസി, രക്തചന്ദനം, സ്ഫടികം തുടങ്ങിയവയിലുള്ള മാലകളാണ് മുഖ്യമായും പൂജാസ്‌റ്റോറുകളില്‍ എത്തിയിരിക്കുന്നത്.
40 രൂപ മുതല്‍ മുകളിലോട്ടാണ് മാലയുടെ വില. ഇരിങ്ങാലക്കുടയില്‍ നിന്നാണ് മാലകള്‍ പ്രധാനമായും എത്തുന്നത്. കറുപ്പുമുണ്ടും കന്നി അയ്യപ്പന്മാര്‍ക്കുള്ള നീല വസ്ത്രവും വിവിധതരം തോര്‍ത്തുകളും എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാമമാത്രമായ വിലവര്‍ദ്ധനവാണ് ഉള്ളതെന്ന് വ്യാപാരികള്‍ പറഞ്ഞു. വൃശ്ചികം പിറന്നതോടെ ശബരിമലക്കുള്ള ഭക്തരുടെ യാത്രയും ആരംഭിച്ചിട്ടുണ്ട്. നേരത്തെ വ്രതമാരംഭിച്ചവരാണ് ക്ഷേത്രദര്‍ശനത്തിനായി യാത്രയായത്.
വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും ദിനംപ്രതി ശബരിമലക്ക് പ്രത്യേക വാഹനങ്ങള്‍ പുറപ്പെടും.
വൃശ്ചികക്കുളിരില്‍ സ്വാമിയേ ശരണമയ്യപ്പാ മന്ത്രങ്ങളാല്‍ അകവും പുറവും ശുദ്ധീകരിക്കുന്ന പുണ്യദിനങ്ങളായി മാറുകയാണ്.
















