വടകര: ഒഞ്ചിയത്ത് ആര്‍എംപി വിഷമവൃത്തത്തിലാകുന്നു. യുഡിഎഫുമായുള്ള ആര്‍എംപിയുടെ അകല്‍ച്ചയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഭരണം സിപിഎമ്മിന്റെ കൈകളിലേക്ക് പോകുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ടി.പിചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍എംപിയുടെ വെല്ലുവിളിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ സിപിഎമ്മിന് പുതുജീവന്‍ പകരുന്ന അവസ്ഥയാണ്. ആര്‍എംപിയുടെ നിലപാട് മൂലം ഉണ്ടായിരിക്കുന്നത്. യുഡിഎഫ് പിന്തുണയോടെ ഭരിക്കേണ്ടതില്ലെന്നാണ് ആര്‍എംപി സംസ്ഥാന സമിതിയുടെ നിലപാട്. നിലവില്‍ സിപിഎമ്മിന് 7 സീറ്റും ആര്‍എംപിക്ക് 6 സീറ്റും യുഡിഎഫിന് 4 അംഗങ്ങളുമാണുള്ളത്. യുഡിഎഫ് പിന്തുണ ആര്‍എംപി നിരസിച്ചതോടെ 19ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 7 അംഗങ്ങളുള്ള സിപിഎം പ്രതിനിധി തെരഞ്ഞെടുക്കപ്പെടും. ഒഞ്ചിയത്തും അഴിയൂരും ചോറോടും യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തില്‍ മത്സരിച്ച ആര്‍എംപി, സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിനു മുമ്പില്‍ മുട്ട് മടക്കുകയായിരുന്നുവെന്നാണ് ജനസംസാരം. ആര്‍എംപി, യുഡിഎഫില്‍ ചേക്കേറുന്നു എന്ന സിപിഎം പ്രചരണം ആര്‍എംപിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറത്തടക്കം സിപിഎമ്മും കോണ്‍ ഗ്രസ്സും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യത്തില്‍ ആര്‍എംപിക്ക് യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന വാദവും ആര്‍എംപിയില്‍ ശക്തമാണ്. 7 പേരുള്ള സിപിഎം ഭരണത്തിലേറുമ്പോള്‍ പ്രതിപക്ഷത്തെ അംഗസംഖ്യ 10 ആയിരിക്കുമെന്ന പ്രത്യേകതയും ഇക്കുറി ഒഞ്ചിയത്തുണ്ടാകും.
















