കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ പള്ളം 35ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ബാസ് ബീഗം തോല്‍ക്കുകയും രണ്ട്, 34 വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കുറയുകയും ചെയ്ത സംഭവം ചര്‍ച്ച ചെയ്യാന്‍ വേണ്ടി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ഡ് കമ്മറ്റികളുടെ യോഗത്തില്‍ ബഹളവും വാക്കേറ്റവും. സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കാനും അവര്‍ക്കെതിരെ നടപടിക്കും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ വ്യക്തമാക്കി. രണ്ട്, 34 വാര്‍ഡുകലില്‍ ലീഗിനോട് അതൃപ്തരായ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ഈ വാര്‍ഡുകളില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്.
പള്ളം വാര്‍ഡില്‍ മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അബ്ബാസ് ബീഗത്തിന്റെ പരാജയത്തിന് കാരണം പാര്‍ട്ടിയിലെ തന്നെ ചിലര്‍ പിന്നില്‍ നിന്ന് കുത്തിയത് കൊണ്ടാണെന്ന ആരോപണം ഉയര്‍ന്നു. വാര്‍ഡ് കമ്മറ്റിയിലെ ഒരു ഭാരവാഹിയുടെയും ഒരു മുന്‍ ജനപ്രതിനിധിയെയും അടക്കം പേര് പരസ്യമായി പറഞ്ഞാണ് ഒരു വിഭാഗം ശക്തമായ ആരോപണം ഉന്നയിച്ചത്. അബ്ബാസിനെ തോല്‍പ്പിക്കാന്‍ ഒരു ഭാരവാഹി പരസ്യമായി രംഗത്തിറങ്ങിയപ്പോള്‍ മറ്റ് ചിലര്‍ രഹസ്യമായി കരുനീക്കിയതായി ഇവര്‍ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ക്കൊന്നും ഒരു കഴമ്പുമില്ലെന്നും കാലങ്ങളായി പാര്‍ട്ടിയെ സ്നേഹിച്ചു കഴിയുന്ന ഒരാളെന്ന നിലയില്‍ എപ്പോഴും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിമര്‍ശനത്തിന് വിധേയനായ ഒരു നേതാവ് പറഞ്ഞുവെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തൃപ്തരായില്ല. രണ്ട്, 34-ാംവാര്ഡുകളില് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ കുറഞ്ഞതും വിമര്‍ശനത്തിനിടയാക്കി. ഇവിടങ്ങളിലും വോട്ടുകള്‍ ചോര്‍ന്നതായുള്ള ആരോപണങ്ങളുമായി ഒരു വിഭാഗം ലീഗ് നേതാക്കള്‍ തന്നെ രംഗത്ത് വന്നത് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: