കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന പതിനഞ്ചോളം ട്രെയ്‌നുകളിലെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് ദുരിതമായി മാറി. ദീര്‍ഘദൂര വണ്ടികളിലടക്കം റിസര്‍വേഷന്‍ കിട്ടാതെ ആയിരക്കണക്കിന് യാത്രക്കാരാണ് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രചെയ്യുന്നത്. ഈ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം കുറച്ചതോടെ നിലവിലുള്ള കമ്പാര്‍ട്ട്‌മെന്റുകളില്‍ തിങ്ങിനിറഞ്ഞുള്ള യാത്ര ദുഷ്‌കരമായി മാറിയിരിക്കുകയാണ്.
ചെന്നൈ, മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, മംഗലാപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് മെയില്‍, മാവേലി, മലബാര്‍, വെരാവല്‍, ഗാന്ധിദാം, ആലപ്പുഴ ബൊക്കാറോ, മംഗള എക്‌സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം മെയില്‍ തുടങ്ങിയ കേരളത്തിലോടുന്ന 15 ട്രെയ്‌നുകളിലെ കോച്ചുകളാണ് വെട്ടിച്ചുരുക്കിയത്. ആവശ്യമായ കോച്ചുകളില്ലാത്തതിനാല്‍ സ്‌പെഷല്‍ ട്രെയ്‌നുകള്‍ ഓടിക്കാനാണ് റെയില്‍വേ ഇത്തരത്തില്‍ കോച്ചുകള്‍ കുറച്ചത്. മാവേലിയിലും മലബാറിലും മറ്റ് ട്രെയ്‌നുകളിലും കഴിഞ്ഞ ഒരാഴ്ചയായി വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്നതരത്തില്‍ കുത്തിനിറഞ്ഞാണ് ജനറല്‍ കംപാര്‍ട്ടുമെന്റിലെ യാത്ര. ദീപാവലിക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിയാണ് മറുനാട്ടിലേത്തിയത്. ട്രെയ്‌നുകളില്‍ ജനറല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
















