വാഷിംഗ്ടണ്‍: ഐഎസ് കൊടും ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. കഴിഞ്ഞ ദിവസം സിറിയയില്‍ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍, എംവാസി സഞ്ചരിച്ച വാഹനം ബോംബിട്ട് തകര്‍ത്തതായി ഉദ്യോഗസ്ഥരിലൊരാള്‍ അറിയിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച രാത്രിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണു ജിഹാദി ജോണ്‍ കൊല്ലപ്പെട്ടത്. സിറിയയിലെ ഐഎസ് പ്രബല കേന്ദ്രമായ റാഖയില്‍ എംവാസിയെ ലക്ഷ്യംവച്ച് യുഎസ് വ്യോമാക്രമണം ശക്തമാക്കിയിരുന്നു. പെന്റഗണ്‍ മാധ്യമ വിഭാഗം സെക്രട്ടറി പീറ്റര്‍ കുക്കാണ് ഇക്കാര്യം അറിയിച്ചത്. എംവാസി യാത്രചെയ്യുകയായിരുന്ന വാഹനം യുഎസിന്റെ ആളില്ലാ യുദ്ധവിമാനം തകര്‍ക്കുകയായിരുന്നു.
ബ്രിട്ടീഷുകാരനായ മുഹമ്മദ് എംവാസിയാണ് ജിഹാദി ജോണ്‍ എന്നറിയപ്പെടുന്നത്.ജിഹാദി ജോണ്‍ രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഐഎസ് പുറത്ത് വിട്ടിരുന്നു. മറ്റ് നിരവധി ബന്ധികളെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളിലും ഇയാള്‍ ഉണ്ടായിരുന്നു.
ലണ്ടനില്‍ കമ്പ്യൂട്ടര്‍ പ്രോഗമറായിരുന്നു മുഹമ്മദ് എംവാസി. ഇറാഖ് വംശജരായ മാതാപിതാക്കളുടെ മകനായി കുവൈത്തിലാണ് മുഹമ്മദ് എംവാസിയുടെ ജനനം. 1993 ല്‍ ഇയാളുടെ മാതാപിതാക്കള്‍ ബ്രിട്ടനിലേക്ക് താമസം മാറ്റുകയായിരുന്നു.
















