യാങ്കൂണ്‍: മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സ്യൂചിയുടെ പാര്‍ട്ടിക്ക് ചരിത്രവിജയം. അര നൂറ്റാണ്ടിന് ശേഷമുള്ള ആദ്യത്തെ ജനാധിപത്യ സര്‍ക്കാരാണ് സ്യൂചിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുന്നത്. എന്നാല്‍ സ്യൂചി പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ സാധ്യത കുറവാണ്. 2011ല്‍ പട്ടാളം ഭരണഘടനയില്‍ വരുത്ത ഭേദഗതിയിലൂടെ സ്യൂചിയെ ഉന്നതാധികാരത്തില്‍ നിന്നും വിലക്കിയ സാഹചര്യത്തിലാണിത്.
അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം ലഭിക്കാന്‍ 329 സീറ്റുകളാണ് വേണ്ടത്. സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്ക് 350 സീറ്റുകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അധോസഭയില്‍ 238 സീറ്റുകളും ഉപരിസഭയില്‍ 110 സീറ്റുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിക്ക് അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കാം. പ്രസിഡന്റിന് പുതിയ മന്ത്രിസഭസര്‍ക്കാരും രൂപീകരിക്കാം.പ്രതീക്ഷിച്ചിരുന്നതിലും വലിയ വിജയമാണ് സ്യൂചിയുടെ പാര്‍ട്ടിക്ക് ലഭിച്ചത്.
ത്രിദിന സന്ദര്‍ശനത്തിന് ലണ്ടനില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മാറില്‍ ഭരണം ഉറപ്പിച്ച ഓങ് സാങ് സ്യൂചിയുമായി ടെലിഫോണിലൂടെ സംസാരിച്ചതായി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ നേടിയ ഊജ്ജ്വല വിജയത്തെ അഭിന്ദിക്കുന്നതായിരുന്നു ട്വീറ്റ്. സ്യൂചിയ്‌ക്ക് സ്വാഗതം അരുളാന്‍ ഭാരതം സദാ സജ്ജരാണ്.
മ്യാന്‍മാറിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനും ഇന്ത്യ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, മ്യാന്‍മാറിലെ പുതിയ ഭരണത്തെ പ്രസിഡന്റ് തെയിന്‍ സെയിന്‍ സ്വാഗതം ചെയ്തു. സ്യൂചിയൂടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിന് സൈനിക നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു. ജനാധിപത്യ ഭരണത്തെ പൂര്‍ണമായും അംഗീകരിക്കാന്‍ പട്ടാള നേതൃത്വത്തിനാകുമോ എന്ന ആശങ്കയാണ് ഇതോടെ അവസാനിച്ചത്.
















