ബെംഗളൂരു: ഒടുവിൽ ഇന്ത്യൻ കാത്തിരിപ്പിന് വിരാമം. ഇന്നലെ ബെംഗളൂരുവിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗുവാമിനെ ഇന്ത്യ കീഴടക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾ വഴങ്ങിയ ഇന്ത്യയുടെ യോഗ്യതാ റൗണ്ടിലെ ആദ്യ വിജയമാണിത്. കളിയുടെ പത്താം മിനിറ്റിൽ റോബിൻ സിംഗാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 42-ാം മിനിറ്റിൽ സെഹ്‌നാജ് സിങ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് ഇന്ത്യ കളിച്ചത്. വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഇടംപിടിച്ചു.
കളി ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ ഗുവാമിന് അനുകൂലമായി കോർണർ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് നാലാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കും പാഴാക്കി. ആറാം മിനിറ്റിലാണ് ഇന്ത്യൻ മുന്നേറ്റം ഉണ്ടായത്. നാരായൺ ദാസും സുനിൽ ഛേത്രിയും ചേർന്ന് നടത്തിയ മുന്നേറ്റം വിഫലമായി. തൊട്ടടുത്ത മിനിറ്റിൽ വീണ്ടും ഇന്ത്യൻ മുന്നേറ്റം. ഛേത്രി നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ലിങ്‌ദോക്ക്. എന്നാൽ ലിങ്‌ദോയുടെ ഷോട്ട് നേരെ ഗുവാം ഗോളിയുടെ കൈകളിൽ അവസാനിച്ചു.
പത്താം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോൾ പിറന്നു. സുനിൽ ഛേത്രി നീട്ടി നൽകിയ പന്ത് പിടിച്ചെടുത്ത റോബിൻ സിങ് പായിച്ച തകർപ്പൻ ഷോട്ടാണ് ഗുവാം ഗോളിക്ക് യാതൊരു അവസരവും നൽകാതെ വലയിൽ കയറിയത്. 19-ാം മിനിറ്റിൽ ഗുവാമിന്റെ മുന്നേറ്റം ഓഫ് സൈഡ് ട്രാപ്പിൽപെട്ട് അവസാനിച്ചു. പിന്നീട് ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങൾ നടത്തി. ഇന്ത്യയേക്കാൾ പന്ത് നിയന്ത്രിക്കുന്നതിൽ മികവ് പുലർത്തിയത് ഗുവാം താരങ്ങളായിരുന്നു.
എന്നാൽ സന്ദേശ് ജിംഗാനും കൂട്ടരും കെട്ടിയ പ്രതിരോധക്കോട്ട തകർക്കാൻ കഴിയാതെ വന്നതോടെ ലോങ്‌റേഞ്ച് ഷോട്ടുകളാണ് ഗുവാം സ്‌ട്രൈക്കർമാർ പരീക്ഷിച്ചത്. ഗോൾവലക്ക് മുന്നിൽ ഗുർപ്രീത് സിംഗും ഉജ്ജ്വല ഫോമിലേക്കുയർന്നതോടെ ആദ്യപകുതി ഇന്ത്യക്ക് സ്വന്തം. എന്നാൽ കളിയുടെ 42-ാം മിനിറ്റിൽ ഇന്ത്യക്ക് ഒരാളെ നഷ്ടമായി. രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പുകാർഡും ലഭിച്ച സെഹ്‌നാജ് സിംഗാണ് പുറത്തുപോയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യ റോമിയോ ഫെർണാണ്ടസിന് പകരം ഹർമൻജ്യോത് ഖബ്രയെ കളത്തിലിറക്കി. ഒരാളുടെ കുറവ് ടീമിൽ ഉണ്ടായിട്ടും ഇന്ത്യൻ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തതോടെ ഗുവാം മുന്നേറ്റങ്ങളെല്ലാം പാതിവഴിയിൽ അവസാനിച്ചു. 60-ാം മിനിറ്റിൽ ജസ്റ്റിൻ ലീക്ക് പകരം ഗുവാം റൊമേരോയെ കളത്തിലിറക്കിയപ്പോൾ 63-ാം മിനിറ്റിൽ റോബിൻ സിംഗിന് പകരം ജെജെ ലാൽപെഗുലയെ ഇന്ത്യൻ കോച്ചും രംഗത്തിറക്കി. പിന്നിട് അവസാന മിനിറ്റുകളിൽ ഗുവാം സമനിലക്കായി പൊരുതിനോക്കിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പറും പ്രതിരോധവും വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്നതോടെ അവരുടെ സ്വപ്‌നം പൊലിഞ്ഞു.
















