അബുദാബി: യൂനിസ് ഖാന്റെ വിരമിക്കല്‍ മത്സരത്തില്‍ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് 217 റണ്‍സ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ പാക് ബൗളര്‍മാരുടെ ആധിപത്യം. മധ്യനിരയില്‍ നായകന്‍ ഇയാന്‍ മോര്‍ഗനും (76), ജയിംസ് ടെയ്‌ലറും (60) ചെറുത്തുനിന്നില്ലായിരുന്നുവെങ്കില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞേനെ ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 49.4 ഓവറില്‍ 216നു പുറത്തായി.
പതിനാല് റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇംഗ്ലണ്ടിനെ തോളിലേറ്റി മോര്‍ഗന്‍-ടെയ്‌ലര്‍ കൂട്ടുകെട്ട്. സ്‌കോര്‍ 147ല്‍ നില്‍ക്കെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 96 പന്തില്‍ 11 ഫോര്‍ നേടിയ മോര്‍ഗനെ മടക്കി ഷൊയ്ബ് മാലിക്ക് പാക്കിസ്ഥാനെ തിരികെയെത്തിച്ചു. പത്ത് റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ ടെയ്‌ലറെയും മാലിക്ക് മടക്കി.
82 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം ടെയ്‌ലറുടെ ഇന്നിങ്‌സ്. വാലറ്റത്ത് ക്രിസ് വോക്‌സും (33), ഡേവിഡ് വില്ലിയും (13) ചേര്‍ന്നു നടത്തിയ പ്രകടനം അവരെ ഇരുന്നൂറു കടത്തി. പാക്കിസ്ഥാനായി മുഹമ്മദ് ഇര്‍ഫാന്‍ മൂന്നു വിക്കറ്റെടുത്തു. മാലിക്കിനു പുറമെ അന്‍വര്‍ അലിയും രണ്ട് വിക്കറ്റെടുത്തു. യാസിര്‍ ഷായ്‌ക്ക് ഒരു വിക്കറ്റ്.
















