ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഫില്‍ സിമ്മണ്‍സിനെ വീണ്ടും നിയോഗിച്ചു. ലങ്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍നിന്ന് കീറോണ്‍ പൊള്ളാര്‍ഡിനെയും ഡ്വെയ്ന്‍ ബ്രാവോയെയും ഒഴിവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ചതിനാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സിമ്മണ്‍സിനെ നീക്കിയത്. സെലക്ഷന്‍ കമ്മിറ്റിയിലെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പരസ്യമായി പറഞ്ഞതിലും സഹ സെലക്റ്റര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലും സിമ്മണ്‍സ് മാപ്പപേക്ഷിച്ചുവെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അതേസമയം, സിമ്മണ്‍സ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബോര്‍ഡ് അറിയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പര മുതല്‍ സിമ്മണ്‍സ് ചുമതലയേല്‍ക്കും.
പരാമര്‍ശങ്ങളില്‍ ഖേദപ്രകടനം നടത്തി സിമ്മണ്‍സ് വാര്‍ത്താക്കുറിപ്പും ഇറക്കി. ഇതിനു പിന്നാലെയാണ് തിരിച്ചെടുത്തതായി ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. സെപ്തംബറിലാണ് സംഭവങ്ങളുടെ തുടക്കം. ലങ്കയില്‍ സമ്പൂര്‍ണ പരമ്പരയ്‌ക്കെത്തുന്ന വിന്‍ഡീസിന് ഏകദിന ടീമില്‍ പൊള്ളാര്‍ഡിനെയും ബ്രാവോയെയും ഉള്‍പ്പെടുത്തണമെന്ന പക്ഷക്കാരായിരുന്നു പരിശീലകന്‍ സിമ്മണ്‍സും നായകന്‍ ജേസണ്‍ ഹോള്‍ഡറും. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ഹോള്‍ഡര്‍ അംഗമല്ല. ഈ ആവശ്യവുമായി അവിടെ നടന്ന വോട്ടെടുപ്പില്‍ രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്ക് ആവശ്യം തള്ളി.
സിമ്മണ്‍സും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്ലൈവ് ലോയ്ഡും ആവശ്യത്തെ പിന്തുണച്ചപ്പോള്‍. കോട്‌നി വാല്‍ഷ്, കോട്‌നി ബ്രൗണ്‍, എല്‍ദിന്‍ ബാപ്റ്റിസ്റ്റ് എന്നിവര്‍ എതിര്‍ത്തു. ഇതോടെയാണ് മോശം ടീമിനെയാണ് നല്‍കിയതെന്നാരോപിച്ച് സിമ്മണ്‍സ് രംഗത്തെത്തിയത്.
ലങ്കന്‍ പര്യടനത്തില്‍ വിന്‍ഡീസ് അമ്പേ പരാജയപ്പെട്ടു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവച്ച അവര്‍, ആദ്യ ട്വന്റി20യും തോറ്റു. പൊള്ളാര്‍ഡും ബ്രാവോയും ട്വന്റി20 ടീമില്‍ അംഗങ്ങളായിരുന്നു.
















