ചേര്‍ത്തല: ബൈക്കിലെത്തിയവര്‍ യുവതിയെ ആസിഡ് ഒഴിച്ചു, ബസിറങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേവല്‍ബേസ് ഉദ്യോഗസ്ഥ ഗുരുതരാവസ്ഥയില്‍. ചേര്‍ത്തല പള്ളിപ്പുറം പുളിച്ചിയില്‍ പരേതരായ ഷണ്‍മുഖന്റെയും സുധര്‍മ്മയുടെയും മകള്‍ ശാരിമോളാ(24)ണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇന്നലെ രാത്രി ഏഴോടെ വല്ലയില്‍ റോഡില്‍ പുരുഷന്‍കവലയ്‌ക്ക് സമീപമായിരുന്നു ആക്രമണം.
ചേര്‍ത്തല ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങി സ്‌കൂട്ടറില്‍ കരുവയിലെ മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയവര്‍ ശാരിമോളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച ശേഷം കടന്നു. അവശയായി അല്‍പദൂരം മുന്നോട്ടു നീങ്ങി പുരുഷന്‍കവലയ്‌ക്ക് സമീപമെത്തി ഇവിടെ നിന്ന നാട്ടുകാരോട് ആശുപത്രിയില്‍ എത്തിക്കുവാന്‍ സഹായം തേടുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ബോധരഹിതയാവുകയും രൂക്ഷഗന്ധവുമുണ്ടായി.
ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാല്‍ മുഖത്ത് അസിഡ് വീണില്ല. വലത് തോള്‍ഭാഗത്താണ് പരിക്ക് സാരമായുള്ളത്. ആശുപത്രിയില്‍ എത്തിച്ച പ്രദേശവാസികളായ നാല് പേര്‍ക്കും അസിഡ് ദേഹത്ത് വീണ് പൊള്ളലേറ്റു. ചേര്‍ത്തല പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
















