അവരവരിലിരിക്കുന്ന സന്തോഷമാണ് അവരവരുടെ സുഖത്തെ വികസിപ്പിക്കുന്നത്. ഈ സുഖം അതു പോലെ തന്നെ മറ്റുള്ളവരിലും വികസിപ്പിക്കുന്നു. ഇപ്രകാരം തന്നെയാണ് ഒരാള്‍ക്കു ദുഃഖമുണ്ടായാല്‍ തന്നിലും മറ്റുള്ളവരിലും ആ ദുഃഖം വികസിപ്പിക്കുന്നത്. അപ്പോള്‍ ഗുരുവിന് അതികഠിനമായ വേദനയും വൈരാഗ്യവും ഉണ്ടാകുന്നു. അതു തന്നേത്തന്നെയും മറ്റുള്ളവരെയും ദഹിപ്പിക്കുന്നു. അവിടെയും ഖഡ്ഗം അവതരിക്കേണ്ടി വരുന്നു. ദുഷിച്ചിട്ടുള്ള അനീതിയെ ഉന്മൂലനം ചെയ്തു വീണ്ടും സ്വസ്ഥതയെ പ്രാപിക്കുന്നു.
സത്യവും ധര്‍മ്മവും ഇങ്ങനെയിരിക്കെ തുടരെ വരുന്ന ദുഷികളോടു നിരന്തരം യുദ്ധം ചെയ്തു ധീരധീരം ജയിക്കുന്നതാണു ഖഡ്ഗി അവതാരം. ഈ സത്യധര്‍മ്മാദികള്‍ ലോകത്തില്‍ പുലര്‍ത്തപ്പെടുമ്പോള്‍ എല്ലാവരും ഖഡ്ഗം ധരിച്ച് ധര്‍മ്മയുദ്ധം ചെയ്തു രാജ്യത്തിന് ക്ഷേമത്തെയും സമാധാനത്തേയും വരുത്തുന്നു.
ഈ രക്ഷയെ പുറകില്‍ അനേകം പേര്‍ കാത്തിരുന്നു ലഭിക്കാതെ കടന്നു പോയി. ഈ പരിപൂര്‍ണ്ണ രക്ഷയെക്കൊണ്ടു ലോകത്തിന് സമാധാനം പ്രദാനം ചെയ്തു സംതൃപ്തി വരുത്തി സര്‍വ്വേശ്വരനായ ദൈവം സദാ അനുഗ്രഹിക്കട്ടെ.
















