തിരുവല്ല: അടിസ്ഥാന സൗകര്യങ്ങള്‍ പോലും വേണ്ടത്ര ഇല്ലാത്ത തിരുവല്ല റയില്‍വേസ്റ്റേഷനില്‍ ഇക്കുറിയും അയ്യപ്പഭക്തന്മാര്‍ ഇറങ്ങാന്‍ ഇടയില്ല. ജില്ലയിലെ ഏകറെയി ല്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ വന്നിറങ്ങുന്ന ഭക്തജനങ്ങള്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങള്‍ പോലും ലഭിക്കാതിരുന്ന മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളാണ് ഇവിടെ ഇറങ്ങുന്നതില്‍നിന്നും ഭക്തരെ പിന്തിരിപ്പിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സൗകര്യങ്ങള്‍ പോലും ഇവിടയില്ല. 2 ബാത്ത് റൂം, 2 ടോയ്‌ലറ്റ്, 2 മൂത്രപ്പുര എന്നിവ മാത്രമാണ് പുരുഷന്മാര്‍ക്കായി ഇവിടെയുള്ളത്. ഒരു ബാത്ത് റൂമും ഒരു ടോയ്‌ലറ്റുമാണ് സ്ത്രീകള്‍ക്കായുള്ളത്. വിരിവെക്കുവാനുള്ള സൗകര്യങ്ങള്‍ ഒന്നുംതന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ വിവരാന്വേഷണ കൗണ്ടര്‍പോലും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഡിറ്റിപിസിയുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള അലോചനകള്‍ പോലും പുരോഗമിച്ച് വരുന്നതേയുള്ളു.
സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ്ബാങ്ക് എടിഎമ്മും അധികൃതര്‍ പൊളിച്ചുകൊണ്ടുപോയി. തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി ആരംഭിച്ച പ്രീപെയ്ഡ് ഒട്ടോറിക്ഷാ സംവിധാനം രാവിലെ 8മുതല്‍ രാത്രി 8വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാറ്റ് ഫോമില്‍ ഭൂരിഭാഗം പ്രദേശത്തും മേല്‍ക്കൂരപോലുമില്ല. തീര്‍ത്ഥാടനകാലം തുടങ്ങാന്‍ ഇനി ആറുനാളുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും സ്റ്റേഷനില്‍ മുന്നൊരുക്കങ്ങള്‍ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഭക്തജനങ്ങള്‍ക്ക് പ്രാഥമിക വൃത്തിക്ക് പോലും നിവൃത്തിയില്ലാത്ത സ്റ്റേഷനില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കേണ്ട വഴിപാട് അവലോകന യോഗവും ഇക്കുറി ഉണ്ടായില്ല.
തിരുവല്ലയില്‍ നിര്‍ത്താത്ത ട്രയിനുകള്‍ക്ക് തീര്‍ത്ഥാടന കാലത്ത് അനുവദിക്കുന്ന സ്റ്റോപ്പിന്റെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. റയില്‍വേടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റുകളില്‍ മണ്ഡലകാലത്ത് തിരുവല്ലയില്‍ നിര്‍ത്തുന്ന ട്രയിനുകളുടെ സ്റ്റോപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കിയിട്ടില്ല. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഭക്തര്‍ ടിക്കറ്റുകള്‍ ബുക്ക്‌ചെയതുതുടങ്ങും എന്നതിനാ ല്‍ ഏറെവൈകി സൈറ്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടാവില്ല. നിര്‍ത്താത്ത ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് റിസര്‍വേഷന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും മകരവിളക്കുദിനം അടുത്തിരിക്കും. ഏതൊക്കെ ട്രയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളതെന്ന് അറിയാന്‍ കഴിയാത്ത യാത്രികര്‍ സമീപത്തുള്ള സ്റ്റേഷനിലേക്ക് ടിക്കറ്റ് ബുക്കുകചെയ്യുകയാണ് പതിവ്. ഇതുമൂലം ശബരിമല സീസണ്‍ കാലത്ത് തിരുവല്ല റെയില്‍വേ സ്റ്റേഷനി ല്‍ ഇറങ്ങുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ ഇടയാക്കാറുണ്ട്.
സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ജില്ലയില്‍ നിന്നുള്ള എംപിമാരുടെ നേതൃത്വത്തില്‍ അവലോകനത്തിന്റെ പേരില്‍ പ്രഹസന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ യോഗങ്ങളും തിരുവല്ലയില്‍ നടക്കാറില്ല. ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ തീര്‍ത്ഥാടനകാലം ലക്ഷ്യമാക്കി തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴും ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനായ തിരുവല്ലയുടെ കാര്യത്തില്‍ ജില്ലയില്‍നിന്നുള്ള എംപിമാരായ ആന്റോആന്റണിക്കും പി.ജെ. കുര്യനും വേണ്ടത്ര താത്പര്യം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
















