കടലുണ്ടി: പ്രശസ്തമായ കടലുണ്ടി വാവുത്സവം ഇന്ന്. ഊരുചുറ്റലിന് ശേഷം ജാതവന്‍ ഇന്ന് പുലര്‍ച്ചെ വാക്കടവില്‍ എത്തും. ഈ സമയത്ത് അമ്മഭഗവതി നീരാട്ടിനായി ഇവിടെയെത്തും. സര്‍വാഭരണ വിഭൂഷിതയായ ദേവിയോടൊപ്പം ജാതവനും തിരിച്ചെഴുന്നള്ളും.
കഴിഞ്ഞ ദിവസം ജാതവന്‍ കോട്ടയില്‍ നിന്ന് പാല്‍വര്‍ണ്ണകുതിരപ്പുറത്തേറി ഊരുചുറ്റാനിറങ്ങിയ ജാതവന്‍ മണ്ണൂര്‍ ശിവക്ഷേത്രം, എട്ടിയാട്ടില്ലം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് കാരകളിപറമ്പില്‍ തന്റെ ഇഷ്ടവിനോദമായ കാരകളിയില്‍ ഏര്‍പ്പെടുകയും ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെയാണ് ജാതവന്‍ കോട്ടയില്‍ നിന്ന് ഊരുചുറ്റാനിറങ്ങിയത്.
ശുദ്ധിയുടെ മൂര്‍ത്തിമദ്ഭാവമായ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ദേവിയുടെ സഹോദരി അമ്മാഞ്ചേരി അമ്മയോടൊപ്പം ശ്രീവളയനാട്ടമ്മയുടെ പൂരത്തിന് പുറപ്പെടാനൊരുങ്ങിയ ജാതവനെ അവിടെ മധ്യമകര്‍മ്മങ്ങളായതുകൊണ്ട് അമ്മ ഭഗവതി വിലക്കി. ഇതുവകവെക്കാതെ പൂരത്തില്‍ പങ്കെടുക്കാനെത്തിയ ജാതവന് വളയനാട്ടമ്മ പാല്‍വര്‍ണ്ണക്കുതിര സമ്മാനമായി നല്‍കി. ഇതോടൊപ്പം വളയനാട്ടമ്മ ജാതവനെ മധ്യമവസ്തുക്കളടങ്ങിയ സത്ക്കാരത്തിന് ക്ഷണിക്കുകയും ചെയ്തു. അമ്മ ഭഗവതിയുടെ വിലക്കോര്‍ത്ത ജാതവന്‍ സത്ക്കാരം തിരസ്‌ക്കരിച്ചു.
ഇതില്‍ ക്ഷുഭിതനായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ ജാതവന് നേരെ തൊട്ടുതെറിപ്പിച്ചു. അശുദ്ധനായി തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തുകയും കാക്കകേറാകുന്നില്‍ (ഇന്നത്തെ ജാതവന്‍കോട്ട നില്‍ക്കുന്ന സ്ഥലം) കോട്ടകെട്ടി കുടിയിരുത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. തുലാമാസത്തിലെ കറുത്തവാവു ദിവസം വാക്കടവില്‍ താന്‍ നീരാട്ടിനെത്തുമ്പോള്‍ എഴുന്നെള്ളാമെന്നും പേടിയാട്ടമ്മ ജാതവന് സമ്മതം നല്‍കി. ഈ ദിവസമാണ് വാവുത്സവമായി ആഘോഷിക്കുന്നത്. അമ്മ ഭഗവതിയെ കാണുന്ന സന്തോഷം പങ്കുവെക്കാനാണ് തുലാമാസത്തിലെ കറുത്തവാവിന് മൂന്ന് നാള്‍ മുമ്പ് ജാതവന്‍ ഊരുചുറ്റാനിറങ്ങുന്നത്.
















