മിര്‍പൂര്‍: നാട്ടിലെ കടുവകളെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് ബംഗ്ലാദേശിന് തുടരെ അഞ്ചാം ഏകദിന പരമ്പര. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരം 58 റണ്‍സിനു ജയിച്ചാണ് മൂന്നു മത്സര പരമ്പര ബംഗ്ലാദേശ് 2-0ന് നേടിയത്. സ്‌കോര്‍: ബംഗ്ലാദേശ് – 241/9 (50), സിംബാബ്‌വെ – 183 (43.2). നേരത്തെ, പാക്കിസ്ഥാന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് തുടങ്ങിയ ടീമുകളെ നാട്ടില്‍ തകര്‍ത്ത് ഏകദിന പരമ്പര നേടിയിരുന്നു ബംഗ്ലാദേശ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഓപ്പണര്‍ ഇമ്രുള്‍ കയെസിന്റെ അര്‍ധശതകമാണ് തുണച്ചത്. 89 പന്തില്‍ ആറു ഫോറും നാലു സിക്‌സറുമടക്കം 76 റണ്‍സെടുത്തു കയെസ്. ഈ പ്രകടനം കളിയലെ താരവുമാക്കി കയെസിനെ. നാസിര്‍ ഹുസൈന്‍ (41), സാബ്ബിര്‍ റഹ്മാന്‍ (33), മുഷ്ഫിഖര്‍ റഹിം (21), തമീം ഇഖ്ബാല്‍ (19), മുഷ്‌റഫെ മൊര്‍താസ (13) എന്നിവരും രണ്ടക്കം കണ്ടു. സന്ദര്‍ശകര്‍ക്കായി തിനാഷെ പനയഗര മൂന്നും, തൗരായ് മുസര്‍ബാനി, ഗ്രെയിം ക്രെമര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ലൂക്ക് ജോംഗ്‌വെ, സീന്‍ വില്യംസ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ സിംബാബ്‌വെയെ ആതിഥേയ ബൗളര്‍മാര്‍ കെട്ടിയിട്ടു. 47 റണ്‍സെടുത്ത നായകന്‍ എല്‍ട്ടണ്‍ ചിഗുംബര ടോപ് സ്‌കോറര്‍. സിക്കന്ദര്‍ റാസ (33), ക്രെയ്ഗ് ഇര്‍വിന്‍ (26) എന്നിവരും രണ്ടക്കം കണ്ടു. മൂന്നു വിക്കറ്റെടുത്ത മുസ്താഫിസുര്‍ റഹ്മാന്‍ ബൗളര്‍മാരില്‍ തിളങ്ങി. അല്‍ അമീന്‍ ഹുസൈന്‍, നാസിര്‍ ഹുസൈന്‍ എന്നിവര്‍ രണ്ടു വീതവും, മഷ്‌റഫ് മൊര്‍താസ, അരാഫത് സണ്ണി എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. അവസാന മത്സരം ഇന്ന് ധാക്കയില്‍.
















