പല്ലെകലെ: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ തകര്‍പ്പന്‍ ജയത്തിനു പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലും ലങ്കയ്‌ക്ക് കുതിപ്പ്. ആദ്യ ട്വന്റി20യില്‍ ലങ്ക 30 റണ്‍സിന് വിന്‍ഡീസിനെ കീഴടക്കി. ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടിയ കളിയില്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനനായകയുടെ നാലു വിക്കറ്റ് പ്രകടനമാണ് ലങ്കയെ ജയത്തിലേക്കു നയിച്ചത്. സ്‌കോര്‍: ശ്രീലങ്ക – 215/3 (20), വെസ്റ്റിന്‍ഡീസ് – 185 (19.5).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ലങ്കയെ മുന്‍നിരക്കാരുടെ മികച്ച പ്രകടനം വലിയ സ്‌കോറിലെത്തിച്ചു. 37 പന്തില്‍ എട്ട് ഫോറുകളോടെ 56 റണ്‍സെടുത്ത തിലകരത്‌നെ ദില്‍ഷന്‍ ടോപ് സ്‌കോറര്‍. ദിനേശ് ചണ്ഡിമല്‍ (19 പന്തില്‍ പുറത്താകാതെ 40, നാല് ഫോര്‍, രണ്ട് സിക്‌സര്‍), കുശാല്‍ പെരേര (30 പന്തില്‍ 40, ആറ് ഫോര്‍, ഒരു സിക്‌സര്‍), ഷെഹാന്‍ ജയസൂര്യ (22 പന്തില്‍ 36, രണ്ട് വീതം ഫോര്‍, സിക്‌സര്‍), ഏയ്ഞ്ചലോ മാത്യൂസ് (13 പന്തില്‍ പുറത്താകാതെ 37, രണ്ട് ഫോര്‍, നാല് സിക്‌സര്‍) എന്നിവരും റണ്ണുയര്‍ത്തുന്നതില്‍ സഹായിച്ചു. വിന്‍ഡീസിനായി സമി, പൊള്ളാര്‍ഡ്, നരെയ്ന്‍ വിക്കറ്റുകള്‍ പങ്കിട്ടു.
വലിയ ലക്ഷ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാനൊന്നും വിന്‍ഡീസ് തയാറായില്ല. ഓപ്പണര്‍ ആന്ദ്രെ ഫ്‌ളെച്ചര്‍ പോരാട്ടം നയിച്ചു. 25 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സറും സഹിതം 57 റണ്‍സെടുത്ത ഫ്‌ളെച്ചര്‍ക്ക് ഫലപ്രദമായി പിന്തുണ നല്‍കാന്‍ മറ്റുള്ളവര്‍ക്കായില്ല. കീറോണ്‍ പൊള്ളാര്‍ഡ് (26), ഡ്വെയ്ന്‍ ബ്രാവോ (24), സുനില്‍ നരെയ്ന്‍ (23), ആന്ദ്രെ റസല്‍ (16), മര്‍ലോണ്‍ സാമുവല്‍സ് (10) എന്നിവര്‍ രണ്ടക്കം കണ്ടെങ്കിലും വലിയ സ്‌കോറിലേക്കു മുന്നേറാനാകാത്തത് തിരിച്ചടി. സേനനായകയ്‌ക്കു പുറമെ ലസിത് മലിംഗ, മിലിന്ദ സിരിവര്‍ധന എന്നിവര്‍ രണ്ടു വീതവും, ദുഷ്മന്ത ചമീര, ഷെഹാന്‍ ജയസൂര്യ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം ഇന്ന്.
















