പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരെ കേരളം ഒന്നാമിന്നിങ്‌സ് ലീഡിലേക്ക്. കേരളത്തിന്റെ 347 റണ്‍സിനു മറുപടിയായി മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ത്രിപുര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224ല്‍. ഒരു ദിവസവും മൂന്നു വിക്കറ്റും കൈയിലിരിക്കെ കേരളത്തെ മറികടക്കാന്‍ 123 റണ്‍സ് കൂടി വേണം സന്ദര്‍ശകര്‍ക്ക്.
രണ്ടിന് 119 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടങ്ങിയ ത്രിപുരയെ കെട്ടിയിട്ടു കേരള ബൗളര്‍മാര്‍. അര്‍ധശതകം തികച്ചയുടന്‍ പരിക്കേറ്റ് മടങ്ങിയ ഓപ്പണര്‍ ഉദിയന്‍ ബോസ് തിരിച്ചെത്തി ബാറ്റേന്തിയെങ്കിലും വലിയ നേട്ടത്തിനായില്ല. 62 റണ്‍സെടുത്ത ബോസിനെ മോനിഷ് വിക്കറ്റിനു മുന്നില്‍ കുടുക്കി. രാകേഷ് സോളങ്കി (43), നിരുപം സെന്‍ ചൗധരി (36), മണിശങ്കര്‍ മുരസിങ് (28), നായകന്‍ കൗശല്‍ അചാര്‍ജി (15), പര്‍വീന്ദര്‍ സിങ് (12) എന്നിവരും രണ്ടക്കം കണ്ടു.
സ്വപന്‍ ദാസ് (മൂന്ന്), റാണ ദത്ത (ഒന്ന്) എന്നിവരാണ് ക്രീസില്‍. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്നു വിക്കറ്റെടുത്തു. നിധീഷ്, മോനിഷ്, സച്ചിന്‍ ബേബി എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















