ബ്രിസ്‌ബേന്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് തകര്‍പ്പന്‍ ജയം. 208 റണ്‍സിന് കിവികളെ തകര്‍ത്ത് മൂന്നു മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി ഓസ്‌ട്രേലിയ. 504 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 295 റണ്‍സെടുക്കാനേ ആയുള്ളു.
രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടി ആതിഥേയരുടെ റണ്‍വേട്ടയ്‌ക്ക് നേതൃത്വം നല്‍കിയ ഡേവിഡ് വാര്‍ണര്‍ കളിയിലെ കേമന്‍. സ്‌കോര്‍: ഓസ്‌ട്രേലിയ – 556/4 ഡിക്ല., 264/4 ഡിക്ല., ന്യൂസിലന്‍ഡ് – 317, 295.
മൂന്നിന് 142 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ കിവീസിന് മഴയിലായിരുന്നു പ്രതീക്ഷ. എന്നാല്‍, കളി കാലാവസ്ഥയ്‌ക്കു വിട്ടുനല്‍കാതെ ഓസീസ് ബൗളര്‍മാര്‍ ടീമിനെ ജയത്തിലേക്കു നയിച്ചു. നായകന്‍ ബ്രെണ്ടന്‍ മക്കല്ലെത്തിന്റെ (80) ചെറുത്തുനുല്‍പ്പാണ് കിവികളെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്തിയത്. മൂന്നു വിക്കറ്റെടുത്ത ലെഗ്‌സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയത്.
















