മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസംവിധാനത്തെ ഒരു പതിറ്റാണ്ടിലേറെ അടക്കിവാണ മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ താന്‍പോരിമയ്‌ക്ക് പൂര്‍ണവിരാമം. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശ്രീനിവാസനെ ബിസിസിഐ നീക്കി. പകരം ശശാങ്ക് മനോഹറെ ആ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യാനും ബിസിസിഐയുടെ 86ാം വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയത്തിന് യോഗം അംഗീകാരം നല്‍കി. ശശാങ്ക് മനോഹറിന്റെ അഭാവത്തില്‍ ശരദ് പവാര്‍ ഐസിസി യോഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പ്രതിനിധീകരിക്കും. ഇതോടെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രം ശ്രീനിവാസന്‍ ഒതുങ്ങുമെന്ന് ഉറപ്പായി.
ഐപിഎല്‍ വാതുവെയ്‌പ്പ് കേസില്‍ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേനയായ ശ്രീനിവാസന് നേരത്തെ ബിസിസിഐ അധ്യക്ഷ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ശ്രീനിയുടെ കമ്പനിയായ ഇന്ത്യ സിമന്റസിന്റെ ഉടമസ്ഥതയിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഭിന്നതാത്പര്യങ്ങള്‍ എന്ന വിമര്‍ശനം കണക്കിലെടുത്ത ബിസിസിഐ യോഗം മറ്റു ചില നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ നിന്നൊഴുവാക്കിയത് അതിലൊന്ന്. റോജര്‍ ബിന്നിയെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി എംഎസ്‌കെ പ്രസാദിനെ ഉള്‍പ്പെടുത്തി.
റോജര്‍ ബിന്നിയുടെ മകന്‍ സ്റ്റ്യുവര്‍ട്ട് ഇന്ത്യന്‍ ടീമിലുണ്ടെന്നതാണതിനു കാരണം. രജീന്ദര്‍ ഹന്‍സിനെ ഒഴിവാക്കി ഗഗന്‍ ഖോഡയ്‌ക്കും സെലക്ഷന്‍ കമ്മിറ്റിയില്‍ ഇടംനല്‍കി. മുന്‍ പേസറും ബൗളിങ് പരിശീലകനുമായ വെങ്കിടേഷ് പ്രസാദിനെ ജൂനിയര്‍ ടീം സെലക്ഷന്‍ പാനലിന്റെ ചെയര്‍മാനാക്കിയതും ബിസിസിഐ തീരുമാനങ്ങളില്‍പ്പെടുന്നു. അനില്‍ കുംബ്ലെയ്‌ക്കു പകരം സൗരവ് ഗാംഗുലിയെ ബിസിസിഐ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായും നിയോഗിച്ചു.
















