ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ ഫലം പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്താനുള്ള ജനവിധിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ബീഹാര്‍ ഫലം സംസ്ഥാനത്തെ ജനങ്ങളുടെ തീരുമാനം മാത്രമാണെന്നും സഭ തടസ്സപ്പെടുത്തുന്നതിലേക്കാണത് നയിക്കുന്നതെങ്കില്‍ ജനങ്ങളുടെ വിധിയെ ചോദ്യം ചെയ്യുന്ന നടപടിയാകുമെന്നും കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 26 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുമെന്നും വെങ്കയ്യ നായിഡു അറിയിച്ചു. പാര്‍ലമെന്ററികാര്യ കാബിനറ്റ് സമിതി യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറിലെ ജനവിധിയെ ബിജെപി ബഹുമാനിക്കുന്നു. വികസനം ആഗ്രഹിക്കുന്ന ജനങ്ങളുടെ വിധി രാജ്യത്തെ കൂടുതല്‍ ഐക്യപ്പെടുത്തുന്നതാണ്. മറ്റേതൊരു സംസ്ഥാനത്തെയും പോലെ തന്നെ ബീഹാറിലെ ജനങ്ങള്‍ക്കും വികസനം തന്നെയാണ് ആവശ്യം. എന്നാല്‍ നിതീഷ് കുമാറിന് അനുകൂലമായ ജനവിധി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നിലയിലേക്കെത്തരുത്. പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകേണ്ട കടമ പാര്‍ലമെന്റിനുണ്ടെന്നും വെങ്കയ്യ പറഞ്ഞു.
അതിനിടെ പാര്‍ലമെന്റ് സെഷനുശേഷം കാബിനറ്റ് പുനസംഘടനയുണ്ടെന്ന വാര്‍ത്തകളും സജീവമായിട്ടുണ്ട്. പ്രവര്‍ത്തന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെയും വികസന-പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ വേണ്ടത്ര വേഗതയില്ലാത്തവരേയും വകുപ്പുകള്‍ മാറ്റുന്നതിനും പുതിയ ആളുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതും സംബന്ധിച്ച ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്.
















