കൊച്ചി: സിപിഎം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന കലൂരിന് ചുറ്റും സിപിഎമ്മിന് വട്ടപ്പൂജ്യം. ഇവിടെ അഞ്ച് ഡിവിഷനുകളില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച സിപിഎം എല്ലായിടത്തും തോല്‍വിയറിഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന കെ.ജെ. ജേക്കബിന്റെ തോല്‍വി സിപിഎമ്മിനെ ഞെട്ടിച്ചു.
എഴുപതാം ഡിവിഷനായ കലൂര്‍ നോര്‍ത്തില്‍ സിപിഐ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡിവിഷന്‍ വിട്ട് തരാനാവില്ലെന്ന് സിപിഎം നിലപാടെടുക്കുകയായിരുന്നു. സിപിഐയെ പിണക്കി മത്സരിച്ച ഇവിടെ സിപിഎമ്മിന്റെ കെ.എ. ഉമ്മര്‍ മുസ്ലീം ലീഗിലെ പി.എം. ഹാരിസിനോട് തോല്‍ക്കുകയായിരുന്നു. 71ാം വാര്‍ഡ് എളമക്കര സൗത്തില്‍ ആര്‍. നിഷാദ് ബാബു കോണ്‍ഗ്രസ്സിലെ വി.ആര്‍. സുധീറിനോടാണ് തോറ്റത്. 65ാം ഡിവിഷന്‍ കലൂര്‍ സൗത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് തോറ്റത് കന്നി പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസ്സിന്റെ എം.ജി. അരിസ്റ്റോട്ടിലിനോട്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ഭരതന്‍ നേടിയ 852 വോട്ടുകള്‍ നിര്‍ണായകമായി. 64ാം വാര്‍ഡായ കതൃക്കടവില്‍ സിപിഎമ്മിന്റെ ടെസി ജേക്കബ് കോണ്‍ഗ്രസ്സിന്റെ ഗ്രേസി ജോസഫിനോട് തോറ്റത് 1087 വോട്ടിന്. 39ാം വാര്‍ഡായ കറുകപ്പിള്ളിയില്‍ കെ.ഡി. വിന്‍സെന്റ് കോണ്‍ഗ്രസ്സിന്റെ ടി.ജെ. വിനോദിനോടും തോറ്റതോടെ സിപിഎമ്മിന്റെ പരാജയം പൂര്‍ണമായി. 72 പൊറ്റക്കുഴി ഡിവിഷനില്‍ സിപിഐയുടെ ടി.എസ്. ജിമിനി വിജയിച്ചത് മാത്രമാണ് ഇടത് മുന്നണിക്ക് ആകെ ആശ്വസിക്കാനുള്ളത്.
സംസ്ഥാനത്തൊട്ടാകെ യുഡിഎഫിനെതിരെ വിധിയെഴുത്തുണ്ടായപ്പോള്‍ കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎമ്മിന് നേട്ടമുണ്ടാക്കാനാകാതെ വന്നത് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. നിരവധി അഴിമതി ആരോപണങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ ഉയര്‍ന്നിരുന്നു. എന്നിട്ടും ഇടത് മുന്നണിക്ക് ഭരണം പിടിക്കാന്‍ സാധിക്കാതെ വന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തോടുള്ള പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
പാര്‍ട്ടിയിലെ വിഭാഗീയതയാണ് തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഭാഗീയത പ്രകടമായി. കെ.ജെ. ജേക്കബ്ബിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. എല്‍ഡിഎഫില്‍ മൂന്ന് വിമതര്‍ക്ക് ജയിക്കാനായതും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു.
















