പാനൂര്‍: പന്ന്യന്നൂരില്‍ താമര വിരിയാതിരിക്കാന്‍ കോണ്‍ഗ്രസ് വോട്ടുമറിച്ചു. 11, 6 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വോട്ടുമറിച്ചു. സിപിഎമ്മിനെ സഹായിക്കാന്‍ ഈ രണ്ടു വാര്‍ഡുകളില്‍ നൂറോളം വോട്ടുകളാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ മറിച്ചു നല്‍കിയത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് അണിയറയില്‍ അവിശുദ്ധ രാഷ്ട്രീയനീക്കം നടന്നത്. 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.സന്തോഷ് മുന്നേറ്റം നടത്തിയെങ്കിലും കോണ്‍ഗ്രസ് വോട്ട് സിപിഎം സ്ഥാനാര്‍ത്ഥിക്ക് നല്‍കുകയായിരുന്നു. കഴിഞ്ഞ തവണ 265 വോട്ടു നേടിയ യുഡിഎഫ് ഇത്തവണ 35വോട്ടാണ് നേടിയത്. ജെഡിഎസ് സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ത്ഥിയായ നിര്‍ത്തി അപമാനിച്ചത്. ഇവിടെ സിപിഎം വിമതസ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ 110 വോട്ടു നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 400 വോട്ട് നേടി വിജയിച്ചതിനു പിന്നിലെ 200 ലേറെ വോട്ടുകള്‍ കോണ്‍ഗ്രസിന്റേതായിരുന്നു. ബിജെപി 194 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. റിബലിന് വോട്ടുമറിഞ്ഞതോടെ 200 വോട്ടിനടുത്ത് ലഭിക്കുന്നവര്‍ ഇവിടെ ജയിച്ചു കയറുമായിരുന്നു. ശക്തമായ ചതുഷ്കോണ മത്സരം പ്രതീക്ഷിച്ച വാര്‍ഡില്‍ വോട്ടുകച്ചവടം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ കീശനിറക്കുകയായിരുന്നു. 6-ാം വാര്‍ഡായ കോട്ടക്കുന്നില്‍ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സരളയെ തോല്‍പ്പിച്ചത് നൂറിനടുത്ത് വോട്ടുകള്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിന് നല്‍കിയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് ബ്ലോക്ക് ഡിവിഷനില്‍ ഈ വാര്‍ഡില്‍ നിന്നും യുഡിഎഫിന് ലഭിച്ച 160 വോട്ട്. കഴിഞ്ഞ തവണ 240വോട്ടുകള്‍ കോണ്‍ഗ്രസിനു കിട്ടിയിരുന്നു. ബാക്കി വോട്ടുകള്‍ കൃത്യമായ കണക്കുകള്‍ പ്രകാരം മറിക്കുകയായിരുന്നു. ഇവിടെ പ്രാദേശിക ധാരണപ്രകാരം പി.സരളയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് കാലുമാറുകയായിരുന്നു. ഇതേ വാര്‍ഡില്‍ ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 340 വോട്ടും ലഭിച്ചു. 73വോട്ടിനാണ് എല്‍ഡിഎഫിലെ പി.സെമീറ ഇവിടെ നിന്നും ജയിച്ചത്.ബിജെപി വോട്ടുകള്‍ സരളയ്ക്ക് നല്കിയപ്പോള് ലക്ഷങ്ങള്‍ വാങ്ങി വോട്ടുമറിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. 429 വോട്ടു നേടിയ പി.സരളയുടെ വിജയം സുനിച്ഛിതമായിരുന്നു. ഈ വാര്‍ഡില്‍ നിന്നും ബ്ലോക്ക് ഡിവിഷനിലെ ജെഡിയു സ്ഥാനാര്‍ത്ഥിക്കു വോട്ടുകള്‍ കുറഞ്ഞതാണ് സിപിഎംകോണ്‍ഗ്രസ് വോട്ടുകച്ചവടം പുറത്തായതിന് കാരണം. പ്രതിപക്ഷമില്ലാത്ത പന്ന്യന്നൂരില്‍ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ പ്രദേശവാസികള്‍ തീരുമാനിക്കുകയായിരുന്നു. അതാണ് ചിലര്‍ കാല്‍കാശിനു വേണ്ടി തകിടം മറിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ രണ്ടുപേരാണ് വോട്ടുവില്പ്പനയ്ക്ക് പിന്നില്‍. ഇവര്‍ക്കെതിരെ യുഡിഎഫില്‍ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: