ചെറുപുഴ: ഒരു ഗ്രാമത്തിലെ മുഴുവനാളുകളും കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് മലിനജലം. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ആറാട്ട് ആദിവാസികോളനിവാസികളാണ് വര്‍ഷങ്ങളായി മലിനജലം ഉപയോഗിക്കുന്നത്. ഇവര്‍ കാര്യംങ്കോട് പുഴയിലെ വെള്ളമാണ് എടുക്കുന്നത്. മഴകാരണം മിക്കദിവസവും ചെളികലങ്ങിയ വെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ 15 ആദിവാസി കുടുംബങ്ങള്‍. നേരത്തെ മുപ്പതിലേറെ കുടുംബങ്ങളുണ്ടായിരുന്ന ആറാട്ട്കടവ് കോളനിയില്‍ കുടിവെള്ളവും മറ്റും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ഒഴിഞ്ഞുപോവുകയാണുണ്ടായത്. ആരോഗ്യവകുപ്പ് രണ്ട് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ പുഴവെള്ളം ഉപയോഗിക്കുന്നതിനാല്‍ കുട്ടികളില്‍ രോഗം പടരുന്നതിനും കടുത്ത ആരോഗ്യ പ്രശ്നത്തിന് ഇടയാക്കുന്നതായും കണ്ടെത്തിയിരുന്നു. ആദിവാസികളുടെ പ്രശ്നമായതിനാല്‍ അധികാരികള്‍ ഗൗരവത്തിലെടുത്തതുമില്ല. കിണര്‍ അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ചെറുപുഴ പഞ്ചായത്തിലും ജില്ലാഭരണകൂടത്തിനും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികൃതര്‍ ഇതുവരെ കനിഞ്ഞിട്ടില്ല.
കര്‍ണാടക വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആറാട്ട്കടവ് കോളനിയില്‍ നിന്നും കുട്ടികള്‍ മിക്കദിവസവും സ്കൂളില്‍ പോകാറില്ല. ജലത്തിലൂടെ രോഗങ്ങള്‍ പടരുന്നതാണ് കാരണം. കര്‍ണാടകയും കേരളവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണിത്. ഈ പ്രദേശം സംസ്ഥാനം അളന്ന് തിരിച്ചുപിടിച്ചെങ്കിലും കുടിവെള്ളം നല്കാന് അധികാരികള്‍ തയ്യാറായിട്ടില്ല. ചെറുപുഴ പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയായ ജലനിധി നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് ആദിവാസികള്‍ അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നത്. വേനല്‍ക്കാലത്ത് പുഴയിലെ ഒഴുക്ക്നിലച്ച് വെള്ളം തീര്‍ത്തും മോശമാകുമ്പോഴാണ് രോഗം കുടുതലായി പടരുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ക്കും ഇവര്‍ പുഴയെയാണ് ആശ്രയിക്കുന്നത്. ഇതും പുഴയെ കൂടുതല്‍ മലിനമാക്കുന്നു. മിക്ക വീടുകളിലും ശൗചാലയമില്ല. പുതുതായി അധികാരമേല്‍ക്കുന്ന ത്രിതല പഞ്ചായത്ത് അധികൃതര്‍ തങ്ങുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് കോളനി വാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: