കൊട്ടോടി: കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റ അറിവോടെ വോട്ടുകള്‍ മറിച്ചുവിറ്റു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ പതിനാലാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനാണ് സ്വന്തം സ്ഥാനാര്‍ഥിയെ പോലും തള്ളിപ്പറഞ്ഞുള്ള സിപിഎമ്മിന്റെ നാണംകെട്ട പ്രവര്‍ത്തി നടന്നത്. ഇതിന്റെ പിന്നില്‍ കൊട്ടോടിയിലെ പ്രദേശിക നേതാവിന്റെ കൈകളാണെന്നും സൂചനയുണ്ട്. ഇതിന് വേണ്ടി ലക്ഷങ്ങള്‍ വാങ്ങിയെന്നും പറയുന്നു. വാര്‍ഡില്‍ നിലവില്‍ എല്‍ഡിഎഫിന് 85 ഉം, ബിജെപിക്ക് 380 ഉം യുഡിഎഫിന് 424 വോട്ടുമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് 228 വോട്ടുകള്‍ സിപിഎമ്മിനുണ്ട്. വാര്‍ഡില്‍ 424 വോട്ട് കിട്ടിയ കോണ്‍ഗ്രസിന് ബ്ലോക്കിലേക്ക് കിട്ടിയത് 319 വോട്ടുകള്‍ മാത്രമാണ്. ബാക്കി വരുന്ന 105 വോട്ടുകള്‍ സിപിഎം വോട്ടുകളാണ്. ഈ വോട്ടുകളാണ് അന്ധമായ ബിജെപി വിരോധം മൂലം ലക്ഷങ്ങള്‍ വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിറ്റത്.
പതിമൂന്നാം വാര്‍ഡിലും ഇതേ അടവ് നയമാണ് പ്രദേശിക നേതാവ് സ്വീകരിച്ചിട്ടുള്ളത്. സാധാരണ പ്രവര്‍ത്തകരോട് വോട്ട് വില്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്താല്‍ രഹസ്യം പരസ്യമാകുമെന്നതിനാല്‍ പാര്‍ട്ടിയില്‍ അടിയുറച്ച പ്രവര്‍ത്തകരുടെ വോട്ടുകള്‍ മാത്രമാണ് മറിച്ചിട്ടുള്ളത്. കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ച സ്വന്തം സ്ഥാനാര്‍ഥിയെ ചതിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന് വേണ്ടി സിപിഎം നേതാവ് പ്രവര്‍ത്തിച്ചത്. പകല്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച് രാത്രിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ പണം വാങ്ങി എന്നതിന്റെ വ്യക്തമായ തെളിവാണ് സിപിഎമ്മിന് വോട്ടുകള്‍ കുറഞ്ഞത്. മകന് മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന അമ്മായി അമ്മ ചിന്തയാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ചത്. 13 ാം വാര്‍ഡിലും സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി. ഇവിടെ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയതും സിപിഎമ്മാണ്. കേരള കോണ്‍ഗ്രസിന് വിജയ പ്രതീക്ഷയുള്ള വാര്‍ഡായിരുന്നു പതിമൂന്ന്. കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ പങ്കാളിയായിരുന്ന കേരള കോണ്‍ഗ്രസിനിപ്പോള്‍, കയ്യിലിരുന്നത് പോവുകയും ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയായി. ഒരു സീറ്റില്‍ കുടുതല്‍ വേണമെന്ന ആഗ്രഹവുമായി എല്‍ഡിഎഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസിന് ഭരണ പങ്കാളിത്തവും മാനവും നഷ്ടപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: