സ്വരൂപജ്ഞാനമാണ് ആത്യന്തികദുഃഖ നിവൃത്തിക്ക് ഹേതു. തന്റെ യഥാര്‍ത്ഥമായ ആനന്ദസ്വരൂപം അറിയുന്നതാണ് താന്‍ തന്നില്‍ കല്‍പ്പിച്ചുകൂട്ടിയ പരമിതികളില്നിന്നെല്ലാം ഉയരുന്നതിനുള്ള മാര്‍ഗ്ഗം. സ്വയം കല്‍പ്പിച്ച പരിമിതികളില്‍ ദേശ-കാല-ലിംഗാദി പരിമിതികളോടൊത്തു താന്‍ തന്നെ മനസിലാക്കുന്നതാണ് പരമ്പരയായി സകല ക്ലേശങ്ങള്‍ക്കും കാരണമാകുന്നത്. തന്റെ അപരിമിത സ്വരൂപമറിയല് മാത്രമാണ് ഇതിന് പരിഹാരം. അതിന് തന്റെ തന്നെ ഉള്ളിലേക്ക് സാധകന് അന്വേഷിച്ചിറങ്ങണം. അന്നമയമായ ഈ ശരീരം തന്നെ
ഞാനെന്നുള്ള ഭ്രമത്തില്‍നിന്ന് തന്റെ സ്വരൂപബോധത്തിലേക്കുള്ള ഗതിയില്‍ പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ കോശങ്ങളെ അതിക്രമിക്കേണ്ടതുണ്ട്. ഓരോ കോശത്തെയും വിചാരം ചെയ്ത് ഞാനല്ലെന്നുറപ്പിച്ചാണ് അടുത്ത കോശത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ ആനന്ദ സ്വരൂപമായിരിക്കുന്ന തന്നെ സാക്ഷാല്‍ക്കരിക്കുന്നു. കൊച്ചിയില്‍ ഉപനിഷദ് വിചാരയജ്ഞത്തില്‍ തൈത്തരിയോപനിഷത്തിനെ അധികരിച്ച് പതിനൊന്നാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
ഈ പഞ്ചകോശ വിവേകത്തിന്റെ പ്രായോഗികമായ ആവിഷ്കാരമാണ് പഞ്ചപ്രകാരങ്ങളോടുകൂടിയ ക്ഷേത്രങ്ങള്‍. ഗോപുരസ്ഥാനം മുതല്‍ നാലമ്പലം വരെയുള്ള ഭാഗം അന്നമയകോശത്തിനു തുല്യമാണ്. നാലമ്പലം പ്രാണമയ കോശമാകുന്നു. അതിനുള്ളില്‍ പ്രദക്ഷിണാദ്യുപാസനകള് നടത്തുന്നതെല്ലാം മനോമയ കോശമാണ്. സോപാനം വിജ്ഞാനമയവും ഗര്ഭഗൃഹത്തിനുള്ളില് ആനന്ദ കോശവുമാണ്. ഓരോ കോശവും താനെല്ലന്നറിഞ്ഞ് ആത്മദര്ശനത്തിലേക്കുയരുന്ന സാധകന് തുല്യമാണ് ക്ഷേത്രോപാസകന്റെ അന്വേഷണവും. ബാഹ്യങ്ങളായ പ്രകാരങ്ങളിലൊന്നും ഈശ്വരദര്‍ശനം ലഭിക്കാതെ സൂക്ഷ്മ മേഘങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് ആനന്ദഭാവത്തില്‍ വിരാജിക്കുന്ന ദേവതാദര്‍ശനം സിദ്ധിക്കുകയും ചെയ്യുന്നത്. ഇപ്രകാരം ചിന്തിക്കുമ്പോള്‍ ക്ഷേത്രോപാസനാക്രമത്തില് വലിയ ഒരുള്‍ക്കാഴ്ച ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: