കോഴിക്കോട്: ലോക നന്മ ലക്ഷ്യമാക്കിയാണ് കര്‍മ്മം ചെയ്യേണ്ടതെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. സംബോധ് ഫൗണ്ടേഷനും ബോധാനന്ദ സേവാ സൊസൈറ്റിയും സംയുക്തമായി തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച ഗീതാജ്ഞാന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ നന്മ ലക്ഷ്യമാക്കി കര്‍മ്മം ചെയ്യുന്നതോടൊപ്പം മനസ്സ് താരതമ്യേന ശാന്തി നേടുന്നത് ശ്രദ്ധിക്കണം. ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ജീവന്, ഈശ്വരന്, ജഗത്ത് എന്നീ ഘടകങ്ങളെക്കുറിച്ച് അറിയാന്‍ ഉത്സാഹിക്കണം. സദ്ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ തത്വബോധം ഉറച്ചുകിട്ടും. ഈശ്വര ധ്യാനവും ആത്മധ്യാനവും അറിവിന്റെ പശ്ചാത്തലത്തില്‍ ചെയ്തു മുന്നേറേണ്ടതാണ്.
ധ്യാനാഭ്യാസം നിഷ്ഠയോടെ ചെയ്യുന്നവര്‍ മനസ്സ് നിയന്ത്രണവിധേയമാവുന്നില്ല എന്ന് വിലപിച്ച് ഊര്‍ജ്ജം കളഞ്ഞു കൂട. നിരാശയില്ലാതെ തുടര്‍ന്നാല്‍ പുരോഗതി ലഭ്യമാവും.
മനോനിയന്ത്രണം എളുപ്പമല്ലെന്ന് അര്ജുനന് പ്രയാസം അറിയിക്കുമ്പോള്‍ ഭഗവാന് സാന്ത്വനിപ്പിക്കുന്നത് നിരന്തര അഭ്യാസത്തില്‍ ശ്രദ്ധയൂന്നാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ്.
മനസ്സ് കൈവിട്ടുപോവുമ്പോഴൊക്കെ അവധാനതയോടെ തിരിച്ചു കൊണ്ടു വരണം. മനസ്സില്‍ ഒരു ചിന്തയെ ഉണര്‍ത്താനും നില നിര്‍ത്താനും വേണമെങ്കില്‍ ഹനിക്കാനും ശേഷിയുണ്ടെന്നത് അറിഞ്ഞ് പ്രയോജനപ്പെടുത്തണം. ശോഭനചിന്തകള് ഉണര്‍ത്തി പരിപോഷിപ്പിച്ച് നില നിര്‍ത്താം. വിരുദ്ധ ചിന്തകളെ നിരാകരിക്കാം.
ലക്ഷ്യം നേടാന്‍ കഴിയാതെ പോവുന്ന സാധകനു പോലും ദുര്‍ഗതി ഉണ്ടാവില്ലെന്ന് ഭഗവാന് വാഗ്ദാനം ചെയ്യുന്നു. ജന്മാന്തരങ്ങളിലും നമ്മുടെ പരിശ്രമങ്ങള്‍ നന്മയുടെയും ധ്യാനത്തിന്റെയും പാതയില്‍ തുണയായെത്തും. ഭഗവാന് ഉറപ്പു നല്‍കുന്നുണ്ടെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഗീതാജ്ഞാന യജ്ഞം ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: