ന്യൂദല്‍ഹി: ഇന്ധന ഉപഭോഗത്തില്‍ 5000 കോടി രൂപ ലാഭിക്കാന്‍ പുതിയ പദ്ധതികളുമായി ഭാരത റെയില്‍വേ. സോളാര്‍, കാറ്റ്, ബയോ ഡീസല്‍, മാലിന്യത്തില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവ ഉപയോഗിച്ച് ട്രെയിനുകള്‍ ഓടിക്കാനും റെയില്‍വേ സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുമാണ് പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനകം ഊര്‍ജ്ജ ഇനത്തില്‍ റെയില്‍വേയെ വലിയ ലാഭത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
നിലവില്‍ പ്രതിവര്‍ഷം ഡീസലിനത്തില്‍ 22,000 കോടി രൂപയും വൈദ്യുതി ഇനത്തില്‍ 12,500 കോടി രൂപയുമാണ് ഭാരത റെയില്‍വേക്ക് ചെലവ്. പുതിയ ഊര്‍ജ്ജ മാര്ഗ്ഗങ്ങളെക്കൂടി ഉപയോഗിക്കുന്നതോടെ ഇന്ധനച്ചിലവ് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഇതുസംബന്ധിച്ച പഠനത്തില്‍ ലഭിച്ച റിപ്പോര്‍ട്ട്.
റെയില്‍വേ ക്രോസിംഗ് ഗേറ്റുകളിലും റെയില്‍വേയുടെ സ്ഥലത്തെ തെരുവുവിളക്കുകളിലുമെല്ലാം പടിപടിയായി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. 10.5 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ വൈദ്യുതോപഭോഗത്തിനായി സോളാര്‍ പ്ലാന്റുകളും സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ചില റൂട്ടുകളില്‍ ട്രെയിനുകളുടെ മുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കാറ്റില്‍ നിന്നും 160 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിന്റ് മില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും സജ്ജമായിട്ടുണ്ട്.
ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും പുറമേ ഭാരത റെയില്‍വേയ്ക്ക് ഏറ്റവും അധികം ചെലവു വരുന്നത് ഇന്ധനഉപഭോഗത്തിനാണെന്നും ഇന്ധനച്ചിലവ് പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വേയിലെ ഊര്‍ജ്ജ സംരക്ഷണസാങ്കേതികത എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റെയില്‍മന്ത്രി. ഊര്‍ജ്ജ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഊര്‍ജ്ജമുപയോഗിച്ച് കൂടുതല്‍ കാര്യക്ഷമത നേടുകയെന്നതാണ് ലക്ഷ്യം. ഊര്‍ജ്ജഉപഭോഗം കുറയ്ക്കുന്നതിനായി സമഗ്രമായ പദ്ധതിയാണ് റെയില്‍വേ തയ്യാറാക്കിയിരിക്കുന്നതെന്നും സുരേഷ് പ്രഭു പറഞ്ഞു.
പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഊര്‍ജ്ജ സംരക്ഷണവും ഇന്ധനച്ചിലവ് കുറയ്ക്കലുമാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രറെയില്‍മന്ത്രി പറഞ്ഞു. വൈദ്യുതി ലഭ്യതയില്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. റെയില്‍ സഹമന്ത്രി മനോജ് സിന്‍ഹയും സമ്മേളനത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: