ബംഗളുരു: കര്‍ണാടക സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആഞ്ജനേയയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായി. മന്ത്രിയുടെ വസതിയിലെത്തി ഏഴ് ലക്ഷം രൂപ നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് ഒരു ടി.വി ചാനല്‍ പുറത്തുവിട്ടത്.
കര്‍ണ്ണാടകിലെ ഒരു ജില്ലയിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പദ്ധതിയുടെ കരാര്‍ ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞാണ് പണം വാങ്ങുന്നത്.
ഏഴ് കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പണം വാഗ്ദാനം ചെയ്‌തെത്തിയ റിപ്പോര്‍ട്ടറോടാണ് മന്ത്രി പത്‌നി ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. സ്റ്റ്രിംഗ് ഓപ്പറേഷന്റെ ഭാഗമായി വ്യാജപണമായിരുന്നു കൈക്കൂലിയായി നല്‍കിയത്.
എന്നാല്‍, ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തന്നെ താറടിക്കുന്നതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു.
തനിക്കോ തന്റെ ഭാര്യയ്‌ക്കോ കൈക്കൂലി വാങ്ങേണ്ട ആവശ്യമില്ല, അവര്‍ നിഷ്‌കളങ്കയാണ്, തങ്ങള്‍ക്ക് പണമുണ്ടാക്കാനല്ല രാഷ്ടീയത്തിലേക്ക് കടന്നുവന്നത് പകരം പൊതുജനങ്ങളെ സേവിക്കാനാണ. ഇത്തരമൊരു ഗൂഢാലോചനയുടെ പിന്നില്‍ ആരാണെന്നോ ഏത് രാഷ്‌ട്രീയ കക്ഷിയാണെന്നോ തനിക്ക് അറിയില്ലെന്നും ആഞ്ജനേയ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ പ്രതികരണം. എന്നാല്‍ ആരോപണവിധേയനായ മന്ത്രി രാജിവയ്‌ക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ കെ.എസ്.ഈശ്വരപ്പ ആവശ്യപ്പെട്ടു.
















