കൂത്താട്ടുകുളം: വിവാഹനാളിലും വോട്ടു ചെയ്യുന്നതില്‍ അഭിമാനിച്ച് നവ വധു. വിവാഹം നാളിലും തന്റെ ജനാധിപത്യ അവകാശം നിര്‍വ്വഹിക്കുവാന്‍ രശ്മി മറന്നില്ല. മുത്തലപുരം തെക്കേക്കര രാജുവിന്റേയും, അജിതയുടേയും മകള്‍ രശ്മി (23) ആണ് കതിര്‍മണ്ഡപത്തില്‍ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് എത്തിയത്.മുത്തലപുരം എസ്.എന്‍.ഡി.പി. ഗുരുമന്ദിരത്തില്‍ ഇന്നലെ രാവിലെ 10.15 നും 11.15 നും ഇടയിലായിരുന്നു വിവാഹം. കുറുപ്പുംതറ സ്വദേശിയായ സുജിത്താണ് വരന്‍. കൊച്ചി കടവന്ത്രയിലുള്ള ഐടി കമ്പിനിയില്‍ ഉദ്യോഗസ്ഥയാണ് രശ്മി. വിവാഹത്തിന്റെ അന്ന് വോട്ട് ചെയ്യാന്‍ തന്റെ താല്‍പര്യം മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നു. വിവാഹശേഷം പ്രതിശ്രുത വരനോട് കാര്യം പറഞ്ഞപ്പോള്‍ വരന്‍ തന്നെ നേരിട്ട് അഞ്ചാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തായ മുത്തലപുരം സെന്റ് പോള്‍സ് സ്‌കൂളിലെത്തിച്ചു. അവിടെ വന്നപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കണ്ടത്. എന്നാല്‍ എല്ലാവരും രമ്യയെ വോട്ട് ചെയ്യുവാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ അകമ്പടിയോടെ വരന്റെ വീട്ടിലെ സല്‍ക്കാരത്തിനായി പോയി.
















