ന്യൂദല്‍ഹി: കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. നിരോധനത്തിനെതിരായി ലോട്ടറി വ്യാപാരികളും നാഗാലാന്റ് അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജികളും സുപ്രീംകോടതി തള്ളിക്കളഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് നേരത്തെ കേരളാ ഹൈക്കോടതിയും ശരിവെച്ചിരുന്നു.
2005ലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറികള്‍ നിരോധിച്ച് ഉത്തരവിറങ്ങിയത്. കേരളാ ലോട്ടറി റഗുലേഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിനെതിരെ ഓള്‍ കേരളാ ലോട്ടറി ഡീലേഴ്‌സ് അസോസിയേഷനുള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഇതേത്തുടര്‍ന്ന് 2007ലാണ് കേരളാ ലോട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ലോട്ടറി ബിസിനസ് നടത്തുന്ന സംസ്ഥാനത്ത് സ്വകാര്യ ലോട്ടറികള്‍ നിരോധിച്ചതിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്നത് പേപ്പര്‍ ലോട്ടറിയാണെന്നും ഓണ്‍ലൈന്‍ ലോട്ടറിയാണ് നിരോധിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതംഗീകരിച്ച സുപ്രീംകോടതി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് അധ്യക്ഷനായ ബെഞ്ച് കേരള സര്‍ക്കാര്‍ നിലപാടിനനുകൂലമായി വിധിയെഴുതി. കേസില്‍ വാദം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
















