ന്യൂദല്‍ഹി: കൊളീജിയം സംവിധാനത്തില്‍ വരുത്തേണ്ട പരിഷ്ക്കരണങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി സുപ്രീംകോടതി. അഭിപ്രായങ്ങള്‍ നവംബര്‍ 13ന് അഞ്ചു മണിക്ക് മുമ്പ് കേന്ദ്രനിയമ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണം. കേസിന്മേല് അന്തിമ വാദം 18,19 തീയതികളില്‍ നടക്കുമെന്നും ജസ്റ്റിസ് എ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അവരുടെ നിലപാട് നല്‍കണം. കൊളീജിയത്തിന്റെ സുതാര്യത, ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന യോഗ്യതാ മാനദണ്ഡം, കൊളീജിയത്തിനായി സ്ഥിരം ഓഫീസ്, ന്യായാധിപനിയമനത്തിനായി അപേക്ഷിക്കുന്നവര്ക്കെതിരായ പരാതി പരിഗണിക്കേണ്ട വിധം എന്നീ വിഷയത്തിന്മേലാണ് എല്ലാവരും നിലപാട് അറിയിക്കേണ്ടത്.
നിര്‍ദ്ദേശങ്ങള്‍ കോടതിക്ക് അവതരിപ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍, ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ മിശ്ര, മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്. നരിമാന് എന്നിവരടങ്ങിയ സമിതിയേയും പ്രഖ്യാപിച്ചു.
പാര്‍ലമെന്റ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന സമിതി റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉടലെടുത്തതോടെയാണ് നിലവിലുള്ള കൊളീജിയം സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കാമെന്ന നിലപാടിലേക്ക് സുപ്രീംകോടതി എത്തിയത്. സ്വയം തിരുത്തല്‍ പ്രക്രിയ ആരംഭിച്ച സുപ്രീംകോടതി നിലപാടിനെ കേന്ദ്രസര്‍ക്കാരും സ്വാഗതം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: