ന്യൂദല്‍ഹി: മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം, ഗോള്‍ഡ് മോണിറ്റേസേഷന്‍ പദ്ധതി (ഇഎംഎസ്), ഗോള്‍ഡ് സോവറിന്‍ ബോണ്ട് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.
ഗോള്‍ഡ് സോവറിന്‍ ബോണ്ട് പദ്ധതിയില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിലാണ് ബോണ്ടുകള്‍ പുറത്തിറക്കുക. അതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. മിനിമം നിക്ഷേപം രണ്ട് ഗ്രാം ആണ്. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം. കാലയളവ് എട്ട് വര്‍ഷമാണ്. ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷംമുതല്‍ വിറ്റൊഴിയാം. ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും ആവശ്യമെങ്കില്‍ സ്റ്റോക്ക് എക്‌സചേഞ്ച് വഴി വിറ്റൊഴിയാം. വായ്‌പയ്‌ക്ക് ഈടായും നല്‍കാം.
മോണിറ്റൈസേഷന്‍ പദ്ധതിയില്‍ വീട്ടില്‍ വെറുതേ വച്ചിരിക്കുന്ന സ്വര്‍ണം നിക്ഷേപിച്ച് പലിശ നേടാം. മിനിമം നിക്ഷേപം 30 ഗ്രാമാണ്. മുതലും പലിശയും സ്വര്‍ണത്തിലാണ് കണക്കാക്കുക. ഹ്രസ്വകാലം, മധ്യകാലം, ദീര്‍ഘകാലം എന്നിങ്ങനെയാണ് നിക്ഷേപ കാലയളവ്. നിക്ഷേപിക്കുന്ന സ്വര്‍ണം വിപണിയിലെത്തുന്നതിനാല്‍ ഇറക്കുമതി കുറയും.
സ്വര്‍ണ്ണ നാണയ പദ്ധതിയില്‍ 24 കാരറ്റ് പരിശുദ്ധ സ്വര്‍ണ്ണമായിരിക്കും. അശോക ചക്രവും മറുപുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ളവയാണ് ഗോള്‍ഡ് കോയിനുകള്‍. ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്ത നാണയത്തിന് കൃത്രിമം ഒഴിവാക്കാന്‍ ടാംപര്‍ പ്രൂഫ് പാക്കേജിങ് ഉണ്ടായിരിക്കും. 5 ഗ്രാം, 10 ഗ്രാം 20 ഗ്രാം എന്നിങ്ങനെയാണ് വാങ്ങാന്‍ കഴിയുക മെറ്റല്‍സ് ആന്റ് മിനറല്‍സ് കോര്‍പ്പറേഷന്റെ സെന്ററുകളില്‍ ലഭിക്കും.
















