കൊച്ചി: ജില്ലയില്‍ തദ്ദേശ സര്‍ക്കാരുകളുടെ വിധി നിര്‍ണയിക്കാന്‍ 23.79 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തുകളിലെത്തും. 23,79,087 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പുരുഷന്‍മാര്‍ 11,67,670. വനിതകള്‍ 12,11,417. ഭിന്നലിംഗത്തില്‍ പെട്ട 18 വോട്ടര്‍മാരും ജില്ലയിലുണ്ട്. 2010ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 63667 വോട്ടര്‍മാരാണ് ഇക്കുറി കൂടുതലായി വോട്ടര്‍പട്ടികയില്‍ ഇടം തേടിയിരിക്കുന്നത്. 43747 സ്ത്രീ വോട്ടര്‍മാര്‍ പുരുഷന്മാരേക്കാള്‍ കൂടുതലായുണ്ട്. 2010ല്‍ 79.9 ആയിരുന്നു പോളിങ് ശതമാനം. സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം. കരുത്തുറ്റ ജനാധിപത്യത്തിന് വോട്ടവകാശം വിനിയോഗിക്കമെന്നും ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരും നേരത്തെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി ജനാധിപത്യപ്രക്രിയയില്‍ പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ 10 മണിക്കൂറാണ് വോട്ടുചെയ്യാന്‍ സമയം നല്‍കിയിട്ടുള്ളത്.
ജില്ലയില്‍ 28 കേന്ദ്രങ്ങളിലായി ഇന്നലെ രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികള്‍ വിതരണം നടത്തി. ഉച്ചയോടെ എല്ലാ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ സാധനങ്ങള്‍ കൈപ്പറ്റി ജീവനക്കാര്‍ അവര്‍ക്ക് നിശ്ചയിച്ച ബൂത്തുകളിലേക്ക് യാത്രയായി. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ജീവനക്കാര്‍ അതത് പോളിങ് ബൂത്തുകളിലെത്തി രാത്രിയോടെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയി. ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം എറണാകുളം മഹാരാജാസില്‍ ഒരുക്കിയിരുന്ന കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ വിതരണകേന്ദ്രത്തില്‍ എത്തി പരിശോധന നടത്തി.
നഗരസഭ വരണാധികാരികളായ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്.സുഹാസ്, ജിസിഡിഎ സെക്രട്ടറി ആര്‍.ലാലു, ജില്ല പ്ലാനിങ് ഓഫീസര്‍ സാലി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് പി.പദ്മകുമാര്‍, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അര്‍ജുനന്‍ എന്നിവര്‍ ജില്ലയിലെ എല്ലാ വിതരണകേന്ദ്രങ്ങളിലുമെത്തി പരിശോധന നടത്തിയിരുന്നു.
എല്ലാ വിതരണകേന്ദ്രങ്ങളിലും എല്ലാം ഭംഗിയായി പൂര്‍ത്തിയായെന്നും പോളിങ് സംഘങ്ങള്‍ അതത് കേന്ദ്രങ്ങളിലെത്തിയതായും തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ് പറഞ്ഞു. വോട്ടിങ് മെഷീനുകളെല്ലാം നല്ല നിലയിലുള്ളവയാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കേടുപാടുണ്ടായാല്‍ പരിഹരിക്കാന്‍ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നാലംഗ സംഘം ജില്ലയിലെത്തിയിട്ടുണ്ട്. ഇവരെ നാലു കേന്ദ്രങ്ങളിലായാണ് നിയമിച്ചിട്ടുള്ളത്. ഏതെങ്കിലും വിധത്തിലുള്ള പരാതികള്‍ തിരഞ്ഞെടുപ്പു കണ്‍ട്രോള്‍ റൂമിലും അറിയിക്കാം.
















