അമ്പലപ്പുഴ: ഘടകകക്ഷികള്‍ ഇടഞ്ഞതോടെ യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു. സ്ഥാനാര്‍ഥികളുടെ പര്യടന, സ്വീകരണ പരിപാടികളില്‍നിന്ന് പ്രധാന ഘടകകക്ഷികള്‍ വിട്ടുനിന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറി. കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലും തിരഞ്ഞെടുപ്പ് യോഗങ്ങളിലും തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നിലെന്നാണ് ഘടകകക്ഷികളുടെ പരാതി.
പുന്നപ്രയില്‍ ആഭ്യന്തര മന്ത്രി പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷനാകാന്‍ തീരുമാനിച്ച യുഡിഎഫ് ചെയര്മാന് ജനതാദള്‍(യു)നേതാവ് സാദിഖ് എം. മാക്കിയലിനെ അവസാന നിമിഷം ഒഴിവാക്കിയത് കോണ്‍ഗ്രസിലും ജനതാദളിലും രൂക്ഷമായ എതിര്‍പ്പിന് കാരണമായി. കഴിഞ്ഞദിവസം ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥി എ. ആര്. കണ്ണന് അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നടത്തിയ പര്യടനം തങ്ങളെ അറിയിച്ചില്ലെന്ന് ആരോപിച്ച് മുസ്ലിംലീഗ് നേതാക്കള്‍ രംഗത്തെത്തി.
കെ. സി. വേണുഗോപാല്‍ എംപി, ഡിസിസി പ്രസിഡന്റ്എന്നിവര്‍ പങ്കെടുത്ത വളഞ്ഞവഴിയിലെ യോഗത്തില്‍ കരിങ്കൊടി കാട്ടി പരസ്യ പ്രതിഷേധത്തിന് തയാറെടുത്ത മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് കൊച്ചുകളം ഉള്‍പ്പെടെയുള്ള നേതാക്കളെ മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് ഒടുവില്‍ പിന്തിരിപ്പിക്കുകയായിരുന്നു. വളഞ്ഞവഴിയില്‍ യുഡിഎഫിന്റേതെന്ന് പറഞ്ഞ് സംഘടിപ്പിച്ച യോഗത്തില്‍ ഘടകകക്ഷികളായ മുസ്ലിംലീഗ്, ജനതാദള്‍(യു), കേരള കോണ്‍ഗ്രസ്(എം) എന്നീ പാര്‍ട്ടികളും പങ്കെടുക്കാതെ ബഹിഷ്കരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ ഘടകകക്ഷികള്‍ പരസ്യമായി രംഗത്ത് വന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് തടസമാകുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാംവാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗിലെ കുഞ്ഞുമോനെ നിര്‍ത്തിയശേഷം കോണ്‍ഗ്രസിലെ കമറുദ്ദീനെ രംഗത്തിറക്കിയത് മുസ്ലിംലീഗില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
യാതൊരു കൂടിയാലോചനയും ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. തിരഞ്ഞെടുപ്പില്‍ ഇവ പ്രതിഫലിക്കുമെന്നും ചില ഘടകകക്ഷി നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയനാള് യുഡിഎഫിലുണ്ടായ കലഹം മുന്നണിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: