മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്‌ക്കും ജയം. റയല്‍ ഹോം മത്സരത്തില്‍ ലാസ് പല്‍മാസിനെ തുരത്തിയപ്പോള്‍, ബാഴ്‌സലോണ എവേ മത്സരത്തില്‍ ഗെറ്റാഫെയെ മറികടന്നു (2-0). വലന്‍സിയ, സെല്‍റ്റ വിഗോ ടീമുകളും ജയം കണ്ടു.
ഇസ്‌കോ (നാല്), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (14), ജെസെ (43) എന്നിവരുടെ ഗോളുകളാണ് റയലിന് മിന്നും ജയം സമ്മാനിച്ചത്. ഹെമന്‍ പല്‍മാസിന്റെ ആശ്വാസം. ലൂയി സുവാരസും (37), നെയ്‌മറുമാണ് (58) ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടത്. ഈ ഗോളോടെ കരിയറിലെ മുന്നൂറാം ഗോള്‍ എന്ന നേട്ടം സുവാരരസിന്. ജയത്തോടെ ആദ്യ സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാനായി വമ്പന്മാര്‍ക്ക്.
പത്ത് കളികളില്‍ 24 പോയിന്റ് വീതമുണ്ട് ഇരു ടീമുകള്‍ക്കും. ഗോള്‍ ശരാശരിയില്‍ റയല്‍ ഒന്നാമത് തുടരുന്നു. ലീഗില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല മാഡ്രിഡിലെ വമ്പന്മാര്‍.
അതേസമയം, റയല്‍ സോസിഡാഡിനെ രണ്ടിനെതിരെ മൂന്നു ഗോളിന് വീഴ്‌ത്തി സെല്‍റ്റ വിഗോ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇഗോ അസ്പാസിന്റെ ഇരട്ട ഗോളും ഹെര്‍ണാണ്ടസുമാണ് സെല്‍റ്റയ്‌ക്ക് ജയമൊരുക്കിയത്. 10 കളികളില്‍ 21 പോയിന്റായി സെല്‍റ്റയ്‌ക്ക്. ലെവന്റയെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി വലന്‍സിയ. സെവിയ്യയെ വിയ്യ റയലും കീഴടക്കി (2-1). ജയങ്ങള്‍ വിയ്യ റയലിനെ അഞ്ചാമതും, വലന്‍സിയയെ ആറാമതുമെത്തിച്ചു.
യുണൈറ്റഡിന് സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ ടീമുകള്‍ ജയം കണ്ടപ്പോള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. സിറ്റി നോര്‍വിച്ച് സിറ്റിയെ മറികടന്നപ്പോള്‍ (2-1), ആഴ്‌സണല്‍ സ്വാന്‍സീ സിറ്റിയെ തുരത്തി (3-0), ക്രിസ്റ്റല്‍ പാലസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
തട്ടകത്തില്‍ നിക്കോളസ് ഓട്ടമെന്‍ഡി (67), യായ ടുറെ (89) എന്നിവരുടെ ഗോളിലാണ് സിറ്റി ജയിച്ചു കയറിയത്. ജെറോം നോര്‍വിച്ചിന്റെ ആശ്വാസം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ഒലിവര്‍ ഗിറൗഡ് (49), കൊസെയ്ന്‍ലി (68), കാംപെല്‍ (73) എന്നിവരുടെ ഗോളില്‍ ആഴ്‌സണലിന്റെ മിന്നും ജയം. 11 കളികളില്‍ 25 പോയിന്റോടെ സിറ്റി ഒന്നാമത് തുടരുന്നു. ആഴ്‌സണലിനും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാമത്. ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തെത്താമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. എന്നാല്‍, സ്വന്തം മൈതാനത്ത് ക്രിസ്റ്റല്‍ പാലസിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ നമിച്ചു യുണൈറ്റഡ്.
അതേസമയം, വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയനെ 3-2ന് മറികടന്ന് ലെയ്‌സെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ലെയ്‌സെസ്റ്ററിന് 22 പോയിന്റ്. 21 പോയിന്റുള്ള യുണൈറ്റഡ് നാലാമത്.
യുവന്റസിന് ആശ്വാസം
റോം: ഇറ്റാലിയന്‍ ലീഗില്‍ തോല്‍വി കൊണ്ട് വലയുന്ന നിലവിലെ ജേതാക്കള്‍ യുവന്റസിന് ആശ്വാസം. ടോറിനൊയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി വിജയവഴിയിലേക്ക് തിരിച്ചെത്തി യുവന്റസ്. 19ാം മിനിറ്റില്‍ പോള്‍ പോഗ്ബയിലൂടെ മുന്നിലെത്തിയ ചാമ്പ്യന്മാരെ ഞെട്ടിച്ച് ബോവോ ടോറിനോയ്‌ക്ക് സമനില സമ്മാനിച്ചു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ക്വഡ്രാഡൊ വിജയ ഗോളിനുടമ. ജയിച്ചെങ്കിലും 11 കളികളില്‍ 15 പോയിന്റുമായി പത്താമത് യുവന്റസ്.
അതേസമയം, ലീഗില്‍ ജയത്തോടെ ഇന്റര്‍ മിലാന്‍ തലപ്പത്തെത്തി. ഒന്നാം സ്ഥാനക്കാരായിരുന്ന എ.എസ്. റോമയെ കീഴടക്കിയാണ് ഇന്റര്‍ മുന്നില്‍ക്കയറിയത്. 31ാം മിനിറ്റില്‍ ഗരി മെദെല്‍ വിജയ ഗോളിനുടമ. 11 കളികളില്‍ ഇന്ററിന് 24, റോമയ്‌ക്ക് 23 പോയിന്റ്. ജയിച്ചെങ്കില്‍ ഒന്നാം സ്ഥാനത്ത് തുടരാമായിരുന്നു റോമയ്‌ക്ക്.
ബൊറൂസിയ കുതിപ്പ് തുടരുന്നു
മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് കുതിപ്പ് തുടരുന്നു. വെര്‍ഡര്‍ ബ്രെമനെ 3-1ന് കീഴടക്കി രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ബൊറൂസിയ. മാര്‍ക്ക് റ്യൂസിന്റെ ഇരട്ട പ്രഹരവും (ഒമ്പത്, 72), ഹെന്റി മഖിതര്‍യാനുമാണ് (44) ഡോര്‍ട്ട്മുണ്ട് സംഘത്തിന്റെ ജയം അനായാസമാക്കിയത്. വെര്‍ഡറിന്റെ ആശ്വാസം ഗോള്‍ ഉജയുടെ ബൂട്ടില്‍നിന്ന്. 11 കളികളില്‍ 26 പോയിന്റുണ്ട് ബൊറൂസിയയ്‌ക്ക്.
മറ്റൊരു കളിയില്‍ വോള്‍ഫ്‌സ്ബര്‍ഗ് 2-1ന് ബെയര്‍ ലെവര്‍കൂസനെ മറികടന്നു. ജയത്തോടെ 21 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു വോള്‍ഫ്‌സ്ബര്‍ഗ്. ജയിച്ചാല്‍ മൂന്നാം സ്ഥാനത്ത് തുടരാമായിരുന്ന ഷാല്‍ക്കെയ്‌ക്ക് സമനില തിരിച്ചടിയായി. സ്വന്തം മൈതാനത്ത് ഇന്‍ഗൊല്‍സ്റ്റഡ്റ്റിനോട് കുരുങ്ങി ഷാല്‍ക്കെ (1-1). 20 പോയിന്റോടെ നാലാമത് ഷാല്‍ക്കെ.
ലിയോണ്‍ രണ്ടാമത്
പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ജയത്തോടെ ഒളിംപിക് ലിയോണ്‍ രണ്ടാമത്. ട്രോയ്‌സിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി ലിയോണ്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 78ാം മിനിറ്റില്‍ ക്ലോഡിയോ ബ്യൂവ്യു സ്‌കോറര്‍. 12 കളികളില്‍ 22 പോയിന്റായി ലിയോണിന്. ഒരു മത്സരം കുറച്ചു കളിച്ച ആംഗേഴ്‌സിനും ഇതേ പോയിന്റ്.
ബാസ്റ്റിയ 1-0ന് സീനിനെ കീഴടക്കിയപ്പോള്‍, ഗാസെലെക് അജാസിയോ 2-0ന് ബോര്‍ഡ്യുക്‌സിനെ കീഴടക്കി. ഗ്വിന്‍ഗാംപ് – ലോറിയന്റ് (2-2), ടൗളൗസ് – മോണ്ട്‌പെല്ലിയര്‍ (1-1) മത്സരങ്ങള്‍ സമനിലയില്‍.
















