മുംബൈ: ഏകദിന പരമ്പരയിലെ ഫോം തുടരുന്ന ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലേഴ്‌സിന് വീണ്ടും മൂന്നക്കം. ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ നടന്ന ദ്വിദിന സന്നാഹ മത്സരത്തില്‍ ഡിവില്ലേഴ്‌സിന്റെ (112) സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്ക ആറു റണ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാമിന്നിങ്‌സില്‍ തിരിച്ചടിച്ച ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സെടുത്ത് നില്‍ക്കെ മത്സരം അവസാനിച്ചു. സ്‌കോര്‍: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ – 296, വിക്കറ്റ് നഷ്ടമില്ലാതെ 92, ദക്ഷിണാഫ്രിക്ക – 302.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍നിര വലംകൈയന്‍ മീഡിയം പേസര്‍ ഷര്‍ദുല്‍ താക്കൂറിനു മുന്നില്‍ മുട്ടുമടക്കി. എന്നാല്‍, ഡിവില്ലേഴ്‌സും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡെയ്ന്‍ വിലാസും (54) ചേര്‍ന്ന് ടീമിന് നേരിയ മുന്‍തൂക്കം സമ്മാനിച്ചു. ഏഴാം വിക്കറ്റില്‍ 115 റണ്‍ ചേര്‍ത്തു കൂട്ടുകെട്ട്. 131 പന്തില്‍ 18 ബൗണ്ടറികളോടെയാണ് ഡിവില്ലേഴ്‌സ് 112 റണ്‍സെടുത്തത്. കരിയറില്‍ 24ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി. വാലറ്റത്ത് 37 റണ്‍സെടുത്ത ഡെയ്ല്‍ സ്റ്റെയ്‌നും നേരിയ ലീഡിനു സഹായിച്ചു. അതേസമയം, നായകന്‍ അംല ഒരു റണ്ണെടുത്ത് മടങ്ങിയത് നിരാശയായി. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന അംലയ്‌ക്ക് ഇവിടെ താക്കൂറിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ജയന്ത് യാദവ്, കുല്‍ദീപ് യാദവ് (രണ്ട് വിക്കറ്റ് വീതം), നാഥു സിങ്, ഹാര്‍ദിക് പാണ്ഡ്യ (ഓരോ വിക്കറ്റ്) എന്നിവര്‍ ആതിഥേയരുടെ മറ്റ് വിക്കറ്റ് വേട്ടക്കാര്‍.
കെ.എല്‍. രാഹുലിനൊപ്പം നായകന്‍ ചേതേശ്വര്‍ പൂജാരയാണ് പ്രസിഡന്റ്‌സ് ഇലവനായി രണ്ടാമിന്നിങ്‌സ് തുടങ്ങിയത്. ടെസ്റ്റ് ടീമിലംഗമായതിനാല്‍ പ്രാക്റ്റീസ് ലക്ഷ്യമിട്ട് ചേതേശ്വര്‍ ഓപ്പണറായെത്തിയത്. ഇവരുവരുടെയും പ്രതിരോധം ഭേദിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായില്ല. ചേതേശ്വര്‍ 90 പന്തില്‍ ഏഴു ഫോറുകളോടെ 49 റണ്‍സും, രാഹുല്‍ 90 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും പറത്തി 43 റണ്‍സുമെടുത്തു. ഡെയ്ല്‍ സ്റ്റെയ്‌നും മോണി മോര്‍ക്കലുമടക്കമുള്ളവര്‍ രണ്ടാമിന്നിങ്‌സില്‍ പന്തെടുത്തില്ല. ഇമ്രാന്‍ താഹിര്‍, ഡീന്‍ എല്‍ഗാര്‍, സൈമണ്‍ ഹാര്‍മര്‍, ഡെയ്ന്‍ പെയ്ഡ്റ്റ് എന്നിവര്‍ക്ക് ആതിഥേയ ബാറ്റിങ്ങിന് വെല്ലുവിളിയാകാനുമായില്ല. ആദ്യ ടെസ്റ്റ് അഞ്ചു മുതല്‍ മൊഹാലിയില്‍.
















