കാസര്‍കോട്: ജില്ലാ പഞ്ചായത്തില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡിവിഷനാണ് എടനീരില്‍ പ്രചരണ രംഗത്ത് വന്‍ ബിജെപി തരംഗം. ഇടത് വലത് മുന്നണികളെ പിന്നിലാക്കി പ്രചരണ രംഗത്ത് ബിജെപി കുതിക്കുകയാണ്. ബിജെപിയും യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കു നേരുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയുടെ പ്രമീള സി നായ്ക് 300ഓളം വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത്. ബിജെപിയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അഡ്വ.കെ ശ്രീകാന്താണ് ഇത്തവണ ഇവിടെ നിന്നും ജനവിധി തേടുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ലഭിച്ച ഏക ജില്ലാ പഞ്ചായത്ത് ഡിവിഷന് കൂടിയാണ് എടനീര്‍.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായ അഡ്വ.കെ ശ്രീകാന്ത് ജില്ലാ പഞ്ചായത്തിലേയ്ക്ക് രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2005ല്‍ ചെമ്മനാട് ഡിവിഷനില്‍ നിന്നും മല്‍സരിച്ചിരുന്നു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. കാസര്‍കോട് ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. മൗവ്വാര്‍, കുമ്പഡാജെ, നീര്ച്ചാല്, പെര്‍ഡാല, എടനീര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് എടനീര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്. ബദിയടുക്ക പഞ്ചായത്തിലെ 18 വാര്‍ഡുകളും കുമ്പഡാജെ പഞ്ചായത്തിലെ 10 വാര്‍ഡുകളും ബെള്ളൂര്‍ പഞ്ചായത്തിലെ എട്ടുവാര്ഡുകളും ചെങ്കള പഞ്ചായത്തിലെ ഏഴു വാര്‍ഡുകളും കാറഡുക്കയിലെ രണ്ടുവാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. 64,235 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഭാഷാന്യൂനപക്ഷങ്ങള് അധിവസിക്കുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഡിവിഷന് പിടിച്ചെടുക്കാന്‍ യുഡിഎഫും, എല്‍ഡിഎഫും രംഗത്ത് വന്നതൊടെ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ് എടനീര്‍ ഡിവിഷന്. എടനീരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇടത് വലത് മുന്നണികള്‍ ഉയര്‍ത്തിയ ഭീഷണികള്‍ മറികടന്ന് ബിജെപി വന്‍ മുന്നേറ്റം നടത്തുകയാണ്. വിജയം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാഹിന്‍ കേളോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സനോജ് കാടകത്തെയുമാണ് മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: