കൊച്ചി: ബ്ലാസ്‌റ്റേഴ്‌സുമായി ഇന്ന് കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെന്നൈയിന്‍ എഫ്‌സി അസിസ്റ്റന്റ് കോച്ച് വിവേക് നകുല്‍. ഐഎസ്എല്ലിലെ മികച്ച ടീമുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സെന്നും ഹോം ഗ്രൗണ്ടില്‍ അവര്‍ക്ക് ലഭിക്കുന്ന ആരെയും അത്ഭുതപ്പെടുത്തുമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. അത് മറികടക്കാനാണ് ടീം ലക്ഷ്യമിടുന്നത്. വെല്ലുവിളികളെ നേരിടാന്‍ ടീം സജ്ജമാണ്. എലാനോയിലും മെന്‍ഡോന്‍സയിലും മാത്രമല്ല ടീം ആശ്രയിക്കുന്നത്. ടീമില്‍ മികച്ച കളിക്കാരുണ്ട്.
കളിക്കാരെ മാറിമാറി പരീക്ഷിക്കുന്നത് എല്ലാവര്‍ക്കും അവസരം ലഭിക്കാന്‍ കാരണമാകും. ഇത്തരം റൊട്ടേഷന്‍ ചിലപ്പോള്‍ ഗുണം ചെയ്യും ചിലപ്പോള്‍ ദോഷമാകും. ജസ്റ്റിന്‍ സ്റ്റീഫന്‍, നിതിന്‍ ലാല്‍, എം.പി സക്കീര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ കഠിനാദ്ധ്വാനികളും നല്ല കഴിവുള്ളവരുമാണ്. എന്നാല്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇവരെ കളിപ്പിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്നും തുടര്‍ന്നു വരുന്ന കളികളില്‍ ഇവര്‍ക്കും അവസരം ലഭിച്ചേക്കുമെന്നും വിവേക് നകുല്‍ പറഞ്ഞു.
















