കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മാതൃകയില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കേരള സൂപ്പര്‍ ലീഗിന്റെ ആദ്യ പതിപ്പിന് അടുത്ത വര്‍ഷം ജനുവരിയില്‍ തുടക്കം. സംസ്ഥാനത്തെ എട്ടു പ്രധാന നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ടു ടീമുകളായിരിക്കും കെഎസ്എല്ലില്‍ പങ്കെടുക്കുക. ലീഗിന്റെ സ്‌പോണ്‍സര്‍മാരെയും ഫ്രാഞ്ചൈസികളെയും കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ അറിയിച്ചു. നവംബര്‍ ആറിന് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെക്കും.
ടീം, വേദി എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് നിശ്ചയിക്കും. അതേസമയം വിവിധ ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരക്കുന്ന കേരള പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പ് 2016 ഏപ്രിലില്‍ നടക്കും. ലീഗിലെ വിജയികള്‍ ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ കേരള പ്രതിനിധികളായി കളിക്കാനിറങ്ങും.
കൂടാെത ഐക്യരാഷ്‌ട്ര സഭയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് യുണൈറ്റഡ് നാഷന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യക്കും ഭൂട്ടാനുമായി അനുവദിച്ച യുണൈറ്റഡ് നാഷന്‍സ് @70 കപ്പിനും കേരളം വേദിയാകും. കുട്ടിതാരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് 14 ജില്ലകളിലായാണ് നടക്കുക.
15 വയസിനു താഴെയുള്ള ആറായിരം താരങ്ങള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഡിസംബര്‍ നാലിന് കോഴിക്കോട് നടക്കും. പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത 20 സ്‌കൂളുകളെ വീതം പങ്കെടുപ്പിച്ച് ജില്ലാ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഓരോ ജില്ലയില്‍ നിന്നും ജേതാക്കളാകുന്ന സ്‌കൂള്‍ അതാത് ജില്ലയെ പ്രതിനിധീകരിച്ച് ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കും. നവംബര്‍ 26ന് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും.
ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ സായി അവരുടെ നേതൃത്വത്തിലുള്ള ദേശീയ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 അണ്ടര്‍-17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ കണ്ടെത്തുതും ദേശീയ അക്കാദമിയില്‍ നിന്നാണ്. യുഎന്‍ഐസിക്ക് പുറമേ ബ്രിട്ടീഷ് കൗണ്‍സിലിന്റെയും പ്രീമിയര്‍ സ്‌കില്‍സ് ഫുട്‌ബോള്‍ പ്രോഗ്രാമിന്റെയും സഹകരണം കൂടി ചാമ്പ്യന്‍ഷിപ്പിന് പ്രതീക്ഷിക്കുന്നതായി കെ.എം.ഐ. മേത്തര്‍ പറഞ്ഞു.
















