കൊച്ചി: തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പേ ജില്ലയില്‍ ഉടനീളം വാഹന പരിശോധന കര്‍ശനമാക്കും. മറ്റിടങ്ങളില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള ആയുധമോ പരിചയമില്ലാത്ത ആളുകളോ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ല പൊലീസ് ചീഫിനും നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വാഹനപരിശോധന വോട്ടെണ്ണല്‍ കഴിയും വരെയുണ്ടാകണമെന്നാണ് നിര്‍ദേശം. കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ മൂന്നെണ്ണത്തില്‍ കൂടുതല്‍ കോണ്‍വോയ് ആയി ഓടുന്നത് കര്‍ശനമായി തടയണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പൊലീസ് സേനയെ വിന്യസിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പൊലീസ് സേന, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഇടകലര്‍ത്തി വിടുന്നതിനും ശ്രദ്ധവേണം. തിരഞ്ഞെടുപ്പ് കാലത്തുടനീളം ഒരാളും ആയുധങ്ങളുമായി നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തര നടപടി സ്വീകരിച്ച് ആയുധം കണ്ടുകെട്ടണമെന്നും ഉത്തരവില്‍ പറയുന്നു.
















