ലാഹോര്‍: പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗിച്ച് ഭാരതത്തിനെതിര യുദ്ധം ചെയ്തിരുന്നതായി മുന്‍ പാക് പ്രസിഡന്റും സൈനിക തലവനുമായിരുന്ന പര്‍വേസ് മുഷാറഫ് സമ്മതിച്ചു. ലഷ്‌കര്‍-ഇ-തോയിബ പോലുള്ള അന്താരാഷ്‌ട്ര ഭീകരസംഘടനകള്‍ക്ക് പരിശിലനം നല്‍കി 1990കളില്‍ ഭീകരന്മാരെ കശ്മീരിലേക്ക് അയച്ചിരുന്നതായും മുഷാറഫ് വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ ദുനിയ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം പറഞ്ഞത്.
താലിബാന്‍ ഭീകരന്മാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. സവാഹിരി, ജലാലുദിന്‍ ഹഖാനി, ഒസാമ ബിന്‍ ലാദന്‍ എന്നിവരെ അഫ്ഗാനില്‍ സോവിയറ്റ് യൂണിയനെതിരെ പോരാടുന്നതിനായി നിയോഗിച്ചു. 90കളില്‍ കശ്മീരില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചിരുന്നു.
ആ സമയം ലഷ്‌കര്‍-ഇ-തോയിബ 11ഓ, 12ഓ സംഘടനകള്‍ രൂപീകരിച്ചിരുന്നു. ഇവയെയെല്ലാം പാക്കിസ്ഥാന്‍ പിന്‍തുണക്കുകയും പരിശീലനം നല്‍കി പോരാട്ടത്തിനായി കശ്മീരിലേക്ക് അയക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹാഫീസ് സയ്യീദ്ദിനും ലഖ്‌വിക്കുമെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് അന്ന് അവര്‍ തങ്ങളുടെ ഹീറോകളായിരുന്നുവെന്നും മുഷാറഫ് പറഞ്ഞു. ഇതില്‍ അവര്‍ക്ക് വലിയ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് ഭീകരതയിലേക്ക് തിരിഞ്ഞു.
അവര്‍ തങ്ങളുടെ സ്വന്തം ആളുകളെ തന്നെ വധിക്കാന്‍ തുടങ്ങി. ഇത് നിര്‍ത്തുകയും നിയന്ത്രിക്കുകയും വേണം.
അതേസമയം ഹാഫീസ് സയ്യീദിനെയും ലഖ്‌വിയെയും നിയന്ത്രിക്കേണ്ടതല്ലെയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാന്‍ മുഷാറഫ് തയ്യാറായില്ല. റഷ്യക്കെതിരെ പോരാടാന്‍ താലിബാനെ പരിശീലിപ്പിച്ചിരുന്നു. താലിബാന്‍ നേതാക്കളായിരുന്ന സവാഹിരി, ജലാലുദിന്‍ ഹഖാനി, ഒസാമ ബിന്‍ ലാദന്‍ എന്നിവരും തങ്ങളുടെ ഹീറോകളായിരുന്നു. ലോകത്തെ അന്നത്തെ അന്തരീക്ഷം അതായിരുന്നു. 1999 മുതല്‍ 2008 വരെ പാക്കിസ്ഥാന്റെ പ്രസിഡന്റായിരുന്നു മുഷാറഫ്.
















