കല്ലുവാതുക്കല്‍: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം സിപിഎമ്മില്‍ തമ്മിലടിക്ക് കാരണമായെങ്കില്‍ കോണ്‍ഗ്രസ്സില്‍ കലാപമാണ് ഉണ്ടായിരിക്കുന്നത്.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ അടക്കമുള്ള സിപിഎമ്മിന്റെ പോഷകസംഘടനാ ഭാരവാഹികളെ തഴഞ്ഞതില്‍ ശക്തമായ പ്രതിഷേധം ഒരുക്കി ഒരുവിഭാഗം പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുന്നു. കലഹിച്ചുനില്‍ക്കുന്നവരെ അനുനയപ്പെടുത്താന്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ വരുംദിവസങ്ങളില്‍ കല്ലുവാതുക്കലിലെത്തുമെന്നു സൂചന.
ഇടതുമുന്നണിയിലെ മറ്റൊരു ഘടകക്ഷിയായ സിപിഐയില്‍ സീറ്റ് നിഷേധിച്ച മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉയര്‍ത്തിയ കലാപം ഇനിയും ശമിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐ നേതാവായ എംഎല്‍എ ബ്രാഞ്ച് കമ്മിറ്റികളുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയെന്ന് പരക്കെ ആക്ഷേപമുയരുന്നു. ഇതിനിടയില്‍ കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ എ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ 11 വാര്‍ഡുകളില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്കുതല നേതാക്കള്‍ ഇടപെട്ട് ഈ തീരുമാനം പിന്‍വലിപ്പിക്കുകയും അനുരജ്ഞന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചത്.
മണ്ഡലം മുന്‍ പ്രസിഡന്റ് മനോഹരക്കുറുപ്പിന്റെ നേതൃത്വത്തില്‍ എ വിഭാഗം പ്രവര്‍ത്തകര്‍ ഐ ഗ്രൂപ്പിനെതിരെ ശക്തമായ വിമതപ്രവര്‍ത്തനമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ വൈകിയ വേളയിലും ഇടതുവലതുമുന്നണികളില്‍ ഉണ്ടായ കലാപം കൂടുന്നത് അല്ലാതെ കുറയുന്നില്ല.
















