ഇന്‍ഡോര്‍: എല്ലാമതങ്ങളെയും ബഹുമാനിക്കണെന്നും അഹിംസാമാര്‍ഗ്ഗം ശീലമാക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി. മതങ്ങളില്‍ ബഹുസ്വരതയുണ്ട്. എന്നാല്‍ മതം തെരഞ്ഞെടുക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ട്. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നവരായി എല്ലാവരും മാറേണ്ടതുണ്ട്, ജോഷി പറഞ്ഞു. അന്താരാഷ്‌ട്ര ധര്‍മ്മ സമ്മേളനത്തില്‍ മതം മാനവരാശിയുടെ ക്ഷേമത്തിന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഈശ്വര സാക്ഷാത്കാരം നേടാനാവുമെന്ന് ഭാരതീയ തത്വചിന്തകന്മാര്‍ ഉദ്‌ഘോഷിച്ചിട്ടുള്ളതാണ്. അതിനാല്‍ എല്ലാമതങ്ങളെയും ബഹുമാനിക്കുന്ന കാഴ്ചപ്പാടുണ്ടാക്കണം, അതിലൂടെയേ ആഗോള വികസനം ഉണ്ടാവുകയുള്ളു.ഈ കാഴ്ചപ്പാട് നാം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കണം, ആര്‍എസ്എസ് സര്‍കാര്യവാഹ് പറഞ്ഞു.
മതവും വര്‍ഗ്ഗവും തമ്മിലുള്ള അര്‍ത്ഥത്തെക്കുറിച്ച് ലോകത്ത് വലിയ ആശയക്കുഴപ്പമുണ്ട്. രണ്ടും വ്യത്യസ്ത സങ്കല്‍പ്പങ്ങളാണ്. എങ്ങനെ നമ്മുടെ കടമകളും കര്‍ത്തവ്യങ്ങളും പൂര്‍ത്തീകരിക്കുന്നതെന്നാണ് മതം പഠിപ്പിക്കുന്നത്. എന്നാല്‍, മതവും വര്‍ഗ്ഗവും വിലയിരുത്തുമ്പോള്‍, വിവിധ വര്‍ഗ്ഗങ്ങളെ ശക്തിപ്പെടുത്തുന്ന ഘടകമാണ് മതമെന്ന കാര്യം വിസ്മരിക്കുന്നു. ജീവിതത്തില്‍ അഹിംസ സ്വഭാവമാക്കിയാല്‍, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരേയും വേദനിപ്പിക്കാന്‍ ഇടവരില്ല, അദ്ദേഹം പറഞ്ഞു.
തുറന്നമനസ്സോടെ അതിനെ സ്വീകരിക്കുന്നവര്‍ക്ക് ഹിന്ദുത്വത്തെ അംഗീകരിക്കാന്‍ മടിയുണ്ടാവില്ല, മറിച്ച് ഇടുങ്ങിയ മനസ്സുള്ളവര്‍ അതു വിശാലമാക്കുകയാണു വേണ്ടതെന്ന് സര്‍ കാര്യവാഹ് പറഞ്ഞു.ഹിന്ദുത്വത്തെ ഏതെങ്കിലും വര്‍ഗ്ഗത്തിനോടോ വിഭാഗത്തേടോ ചേര്‍ത്തുകാണുന്ന പ്രവണത മാറണം. പകരം മനുഷ്യര്‍ക്കിടയില്‍ പരസ്പര വിശ്വാസവും സഹകരണവും ധാരണയും സ്വാശ്രയത്വവും ഉണ്ടായാല്‍ തര്‍ക്കങ്ങളും പോരടിക്കലുകളും ഇല്ലാതാകും, അദ്ദേഹം വിശദീകരിച്ചു.
മനുഷ്യര്‍ തമ്മില്‍ ചില വിഷയങ്ങളില്‍ തര്‍ക്കമുണ്ടാകും. പക്ഷേ മാനവരാശിയുടെ ക്ഷേമത്തിന് ഒന്നിക്കാവുന്ന വിഷയങ്ങളില്‍ ശ്രദ്ധവെച്ച്, അക്കാര്യങ്ങളില്‍ ധാരണയുണ്ടാക്കി, ചര്‍ച്ചകള്‍ നടത്തി അവ കേന്ദ്രീകരിച്ച് മുന്നോട്ടു പോകാനാവണം, സര്‍ കാര്യവാഹ് വിശദീകരിച്ചു.
















